വിഴിഞ്ഞം പദ്ധതിക്കായി അനുവദിച്ച കേന്ദ്രസഹായം, കേന്ദ്രസർക്കാർ തന്നെ വായ്പയായി മാറ്റിയെന്ന വെളിപ്പെടുത്തലുമായി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും ദിവ്യ എസ് അയ്യർ പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. കേന്ദ്രസഹായമായി നല്‍കപ്പെട്ട പണം ഇപ്പോള്‍ തിരിച്ചടയ്‌ക്കണമെന്നാണ് വ്യവസ്ഥയെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 817 കോടി രൂപയിലാണ് മലക്കം മറിച്ചില്‍ ഉണ്ടായത്. ഈ തുക കേന്ദ്രസർക്കാർ വായ്പയാക്കി മാറ്റി. ഇത് സംബന്ധിച്ച എംപവേർഡ് യോഗത്തിൽ താനും ചീഫ് സെക്രട്ടറിയും അടക്കം ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. നെറ്റ് പ്രസന്റ് വാല്യൂ എന്ന രീതിയിലാണ് തിരിച്ചടവെന്നതിനാല്‍ തുകയില്‍ വർധനവുണ്ടാകുമെന്നും സംസ്ഥാനത്തിന് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്സ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായിട്ടാണ് എന്നതായിരുന്നു കത്തിലെ തീരുമാനം. അങ്ങനെയെങ്കില്‍ പലിശയുള്‍പ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും.

















