കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനും അരുൺ ഗോപൻ ആയിരുന്നു. ദീർഘകാലത്തെ ജയിൽവാസം കഴിഞ്ഞ് അടുത്തകാലത്താണ് ഇയാൾ പുറത്തിറങ്ങിയത്.
ജയിൽ മോചനത്തിന് പിന്നാലെ നന്മ മരത്തോടൊപ്പം
ജയിലിൽ നിന്നും പുറത്തിറങ്ങിയ അരുൺ ഗോപൻ ഇപ്പോൾ കോട്ടയത്തെ ധനാഢ്യനായ ‘നന്മ മരത്തിന്റെ’ വലംകൈയാണ്. കോട്ടയം നഗര മധ്യത്തിലുള്ള നന്മ മരത്തിന്റെ ഹെഡ് ഓഫീസാണ് ഇപ്പോൾ കോട്ടയം നഗരത്തിലെ ഇയാളുടെ ഇടത്താവളം. നന്മ മരം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങുകളിൽ മുഖ്യ സംഘാടകനായും അരുൺ ഗോപൻ നിറഞ്ഞുനിന്നിരുന്നു.
നന്മ മരത്തിന്റെ ലേബലിൽ കോട്ടയം നഗരത്തിൽ സ്ഥിരം സാന്നിധ്യം ഉറപ്പിക്കുവാനും, വീണ്ടും കളത്തിൽ സജീവമാകുവാനും ഇയാൾക്ക് സാധിച്ചിട്ടുണ്ട്. ഇയാളുടെ ഗുണ്ടാസംഘങ്ങളിൽ പലരും ഇപ്പോൾ നന്മ മരത്തിന്റെ സ്റ്റാഫ് അംഗങ്ങളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. നഗരത്തിലെ പല ഇടപാടുകൾക്ക് പിന്നിലും അരുൺ ഗോപന്റെ സാന്നിധ്യം വീണ്ടും ദൃശ്യമാകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
നന്മ മരത്തെ ക്യാമ്പസുകളിലെ മുഖ്യാതിഥി ആക്കിയത് അരുൺ ഗോപന്റെ ബന്ധങ്ങൾ?
സ്വന്തം സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലെ മോഡൽ ആയും, വൻ പബ്ലിസിറ്റി കൊടുത്ത് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന സാമൂഹിക സേവന പരിപാടികളിലെ മുഖ്യ സ്പോൺസറായും മാത്രം തിളങ്ങി നിന്നിരുന്ന നന്മ മരം ഇപ്പോൾ കോളേജ് ഡേ സെലിബ്രേഷനുകൾ ഉൾപ്പെടെയുള്ള പരിപാടികളിൽ മുഖ്യാതിഥിയായി എത്തുന്നുണ്ട്. മുമ്പൊക്കെ സ്പോൺസർഷിപ്പ് കൊടുത്ത് തരപ്പെടുത്തിയിരുന്ന മുഖ്യാതിഥി സ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സെലിബ്രിറ്റി ബിസിനസ് മാൻ എന്ന നിലയിലാണ് ഇയാൾ ഇപ്പോൾ ക്യാമ്പസുകളിൽ മുഖ്യാതിഥിയായി എത്തുന്നത്. അരുൺ ഗോപന്റെ ക്രിമിനൽ നെറ്റ് വർക്കിലുള്ള ചില ചെറുപ്പക്കാരും വിദ്യാർത്ഥികളും വഴിയാണ് ഇത്തരത്തിലൊരു ഇമേജ് മേക്ക് ഓവർ ഇയാൾക്ക് സാധ്യമായത് എന്ന സൂചനകൾ ശക്തമാണ്.
പരമ്പര തുടരും….

















