പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല സി ഐ ഏറ്റെടുത്തു എന്നാണ് ഏറ്റവും പുതിയ വിവരം. ഡിവൈഎസ്പി നേരിട്ട് മരണവീട് സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
യുവതിയുടെ തൂങ്ങി നിന്ന മൃതശരീരം ഇവരുടെ ഭർത്താവിന്റെ തൊഴിലുടമയായ ഭരണകക്ഷിയിലെ നഗരസഭ കൗൺസിലറുടെ സാന്നിധ്യത്തിലാണ് പോലീസ് എത്തുന്നതിനുമുമ്പ് അഴിച്ചെടുത്തത്. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് പോലീസ് എത്തുന്നതിന് മുമ്പ് ധൃതിപിടിച്ച് മൃതശരീരം അഴിച്ചതെന്നും ആക്ഷേപം ഉണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കണമെന്ന് സഹോദരൻ ആവശ്യപ്പെടുന്നുണ്ട്.
കൗൺസിലറെ രക്ഷിക്കാൻ രാഷ്ട്രീയ സമ്മർദ്ദം?
മൃതദേഹം അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ട കൗൺസിലറെ രക്ഷിക്കാൻ രാഷ്ട്രീയ സമ്മർദ്ദം പോലീസിന്മേൽ ഉണ്ട് എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഈ കൗൺസിലറുടെ തന്നെ മറ്റൊരു ജീവനക്കാരനാണ് മൃതദേഹം അഴിച്ചെടുത്തത്. മരണം നടന്ന വീടിന് സമീപത്ത് തന്നെ താമസിക്കുന്ന യുവതിയുടെ സഹോദരനോ ബന്ധുക്കളോ പോലീസോ എത്തുന്നതിനുമുമ്പ് മൃതദേഹം അഴിച്ചുമാറ്റിയതാണ് വിവാദത്തിന് കാരണം.
സാധാരണഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് എത്തുന്നത് വരെ കാത്തിരിക്കാറുണ്ട്. അതല്ല ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നൽ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇത് ഒഴിവാക്കാറുള്ളൂ. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഇത്തരം ഒരു നടപടി ഉണ്ടായതാണ് കൂടുതൽ ഗൗരവകരം. എന്നാൽ യുവ ജനപ്രതിനിധി വിവാദത്തിൽ അകപ്പെട്ടാൽ അത് പാർട്ടിക്ക് ക്ഷീണമാകും എന്ന് തോന്നലിൽ പോലീസിന് മേൽ ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ ഉന്നത നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന സംശയമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

















