മയക്കുമരുന്ന് വിപണന സംഘങ്ങള്‍ ഏറ്റുമുട്ടി വെട്ടേറ്റു ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലില്‍ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടനാട് ജയന്തി കോളനിയില്‍ ലൈലമൻസിലില്‍ ഷമീർ (28), അമീർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തെ കുറിച്ച്‌ ചാത്തന്നൂർ പൊലിസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 9.45ന് ശീമാട്ടി ജങ്ഷനില്‍ വച്ചാണ് സംഭവം നടക്കുന്നത്. 14 ഓളം മയക്കുമരുന്ന് വിപണന കേസുകളില്‍ പ്രതിയായി പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയതിന് ശേഷം ജാമ്യത്തില്‍ നില്‍ക്കുന്ന പ്രതിയായ സനോജ് ശീമാട്ടി ജങ്ഷനിലെ കടയില്‍ നിന്നും സാധനം വാങ്ങി റോഡിലിരുന്ന സ്കൂട്ടറില്‍ കയറവേ മുൻ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂട്ടറില്‍ എത്തിയ അമീർ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമിറിന്റെ ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ സനോജിനെ അമീറിന്റെ പിന്നാലെ മറ്റൊരു സ്കൂട്ടറില്‍ എത്തിയ ഷമീറും മഴു കൊണ്ട് വെട്ടി പരിക്കേല്പിച്ചു. ഇരുവരുടെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനോജിനെ വീട്ടുകാരെത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷമീറിനെ സംഭവ സ്ഥലത്ത് വച്ചും സമീറിനെ ഇന്നലെ വൈകുന്നേരം നാല് മണിക്ക് മാമ്ബള്ളിക്കുന്നം ഏലായ്ക്ക് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പു നടത്തി.

നിരവധി മയക്കുമരുന്ന് വിപണന കേസുകളില്‍ പ്രതികളാണ് സഹോദരങ്ങളായ അമീറും ഷമീറും. ശീമാട്ടി ജങ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ മറവില്‍ ഒന്നിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തി വന്നവരായിരുന്നു ഇരു സംഘങ്ങളും. സനോജ് ജയിലില്‍ ആയതിനെ തുടർന്ന് സ്വന്തം നിലയില്‍ കച്ചവടം നടത്തി വന്ന ഷമീറും സംഘവും കാപ്പ കേസില്‍ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ സനോജും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷം ഉണ്ടാവാൻ കാരണം. സനോജ് അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക