താങ്ങാനാകാത്ത സാമ്ബത്തിക ബാധ്യതകളിലാണ് കേരളമെന്ന് കണക്കുകള്‍ നിരത്തി സി.എ.ജി റിപ്പോർട്ട്. 2018-19 ല്‍ 2.41 ലക്ഷം കോടിയായിരുന്ന ബാധ്യത 53.35 ശതമാനം വർധിച്ച് 2022-23ല്‍ 3.70 ലക്ഷം കോടിയായതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
കടമെടുപ്പില്‍ നിയന്ത്രണമില്ലാത്തതാണ് ഈ മോശംസ്ഥിതിക്ക് കാരണം. 2023 മാർച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയില്‍ വെച്ചു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെയും പെൻഷൻ കമ്ബനിയുടെയുമടക്കം കടമെടുപ്പ് കൂടി കണക്കിലെടുത്താല്‍ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത നാല് ലക്ഷം കോടിയിലെത്തും.
2018-19 മുതല്‍ 2022-23 വരെ കാലയളവില്‍ പൊതുകടത്തില്‍ 79,766.53 കോടിയുടെ വർധനയുണ്ട്. ആഭ്യന്തരകടം ഇക്കാലയളവില്‍ 76,146.04 കോടി കൂടി. കേന്ദ്രസർക്കാറില്‍ നിന്നുള്ള വായ്പകളിലെ വർധന 3,620.49 കോടിയും. അഞ്ച് വർഷത്തിനിടെ പൊതുകടം 1,58,234.45 കോടിയില്‍നിന്ന് 2,52,506.28 കോടിയായി. കടമെടുക്കുന്ന പണത്തില്‍ 76.49 മുതല്‍ 97.88 ശതമാനം വരെ കടത്തിന്റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ട് അടിവരയിടുന്നു.
അഞ്ച് വർഷക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്ബളമടക്കം ഉള്‍ക്കൊള്ളുന്ന റവന്യൂ ചെലവ്, ആകെ ചെലവിന്‍റെ 89 മുതല്‍ 92 ശതമാനം വരെയായിരുന്നു. ഈ സാഹചര്യം ആസ്തികള്‍ സൃഷ്ടിക്കുന്നതിന് മതിയായ പണം ലഭ്യമാകാത്ത സ്ഥിതിയുണ്ടാക്കി.
അതേസമയം 2022-23ലെ മൊത്തം ചെലവില്‍ റവന്യൂ ചെലവിന്റെ വിഹിതത്തില്‍ (89.56 ശതമാനം) 2021-22ല്‍ (89.42) നേരിയ കുറവ് വന്നിട്ടുണ്ട്. റവന്യൂ ചെലവ് നേരിടുന്നതിന് റവന്യൂ വരവ് മാത്രം പര്യാപ്തമാകാത്ത സ്ഥിതിയുണ്ട്. ഫലത്തില്‍ ചെലവുകള്‍ക്ക് തുക കണ്ടെത്താൻ സർക്കാറിന് കടമെടുക്കേണ്ടിവരുന്നു. ഇത് വിവേകപരമായ സാമ്ബത്തിക നടപടിയല്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

















