ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മറായ ഇന്റർനാഷണല്‍ നെറ്റ്വർക്കിന്റെ ഡയറക്ടർ ജനറലാണ് ഫാദി ബൌദയ. ലൈവ് റിപ്പോർട്ടിംഗിനിടെ ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, തെക്കൻ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 1,600-ലധികം ആളുകള്‍ക്കാണ് പരിക്കേറ്റത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിയും വന്നിരുന്നു. ഹിസ്ബുല്ലയുടെ ആയുധ ശേഖരം നശിപ്പിക്കുന്നതിന്റെ ഭാഗമായി 1,600ഓളം ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തില്‍ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ആംബുലൻസുകളുമെല്ലാം തകർന്നെന്ന് ലെബനീസ് ആരോഗ്യമന്ത്രി ആരോപിച്ചു. തിരിച്ചടിയുടെ ഭാഗമായി ഇസ്രായേലിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.
സെപ്റ്റംബർ 20ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രമുഖ ഹിസ്ബുല്ല നേതാവായ ഇബ്രാഹിം അക്വില്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ റദ്വാൻ യൂണിറ്റിന്റെ തലവനായിരുന്നു ഇബ്രാഹിം അക്വില്‍. വടക്കൻ ഇസ്രായേലില്‍ നടക്കുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഇബ്രാഹിം അക്വിലാണെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. ഈ വ്യോമാക്രമണത്തില്‍ മാത്രം ബെയ്റൂട്ടില്‍ 45ഓളം പേർ കൊല്ലപ്പെടുകയും 60-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്തിടെ ലെബനനില്‍ പേജറുകളും വോക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 37-ഓളം പേർ കൊല്ലപ്പെടുകയും 3000-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

















