ബാറ്ററി വില ഒഴിവാക്കി കാറുകള്‍ വില്‍പനയ്ക്ക്. പകരം ബാറ്ററി വാടകയ്ക്ക് നല്‍കുന്ന പരിഷ്കാരവും. പെട്രോള്‍ പമ്ബുകള്‍ പോലെ ഔട്ട്ലറ്റുകളിലൂടെ ബാറ്ററി ചാർജ് തീർന്നാല്‍ വാടകയ്ക്ക് കിട്ടും.വൈദ്യുത കാർ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി കളംപിടിക്കാൻ ഒരുങ്ങി ജെ.എസ്.ഡബ്ലു-എം.ജി മോട്ടോഴ്സ്. രാജ്യത്ത് വിൻഡ്സർ ഇ.വി.യില്‍ അവതരിപ്പിച്ച ‘ബാറ്ററി ആസ് എ സർവീസ്’ (ബാസ്) പദ്ധതി കൂടുതല്‍ മോഡലുകളിലേക്ക് പകർത്തുകയാണ് കമ്ബനി. ചെറുകാറായ കോമറ്റ്, ഉയർന്നശേഷിയിലുള്ള സെഡ്.എസ്. ഇ.വി. എന്നിവയിലും ബാസ് നടപ്പാക്കുകയാണ്.
ബാറ്ററി വാടകയ്ക്കുനല്‍കുന്നതോടെ കാറുകളുടെ പ്രാരംഭവില കുത്തനെ കുറയും. ഇത് സാധാരണക്കാർക്ക് വൈദ്യുതവാഹനവില താങ്ങാവുന്ന നിലയിലേക്കുമാറ്റുമെന്നാണ് എം.ജി.യുടെ പ്രതീക്ഷ. ബാസ് പദ്ധതി ആദ്യമായി അവതരിപ്പിച്ച വിൻഡ്സർ ഇ.വി.ക്ക് വിപണിയില്‍ മികച്ചസ്വീകാര്യത ലഭിച്ചതാണ് കോമറ്റ്, സെഡ്.എസ്. ഇ.വി. എന്നിവയിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാൻ കമ്ബനിയെ പ്രേരിപ്പിച്ചത്.
പദ്ധതിപ്രകാരം വാങ്ങുന്ന കോമറ്റ് ഇ.വി.യുടെ വിലയില്‍ രണ്ടുലക്ഷം രൂപയുടെ കുറവാണ് കമ്ബനി പ്രഖ്യാപിച്ചത്. 4.99 ലക്ഷം രൂപയാണ് പ്രാരംഭവില. 230 കിലോമീറ്റർ ദൂരപരിധിയിലുള്ള ബാറ്ററിയാണ് വാഹനത്തിനുള്ളത്. ഓരോ കിലോമീറ്ററിനും 2.5 രൂപ വീതമായിരിക്കും ബാറ്ററിവാടക. ഇതനുസരിച്ച് 80,000 കിലോമീറ്റർ സഞ്ചരിക്കാനുള്ള തുകയാണ് പ്രാരംഭവിലയില്‍ കുറവുണ്ടാവുക. ഇതോടെ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വൈദ്യുതകാറായും കോമറ്റ് മാറി.
സെഡ് എസ്. ഇ.വി.ക്ക് ബാസ് പദ്ധതി പ്രകാരമുള്ള പ്രാരംഭ വില 13.99 ലക്ഷം രൂപയായിരിക്കും. 461 കിലോമീറ്റർ ദൂരപരിധിയുള്ള ബാറ്ററിക്ക് കിലോമീറ്ററിന് 4.5 രൂപയാണ് വാടക. നേരത്തേ 21 ലക്ഷത്തിനു മുകളിലായിരുന്നു ഈ മോഡലിന്റെ വില തുടങ്ങിയിരുന്നത്. വിൻഡ്സർ ഇ.വി.ക്ക് 230 കിലോമീറ്ററാണ് ദൂരപരിധി. 3.5 രൂപയാണ് കിലോമീറ്ററിന് ബാറ്ററി വാടകയായി നിശ്ചയിച്ചിട്ടുള്ളത്. 9.9 ലക്ഷം രൂപയാണ് പദ്ധതിപ്രകാരം ഇതിന്റെ പ്രാരംഭവില.
ഉപയോഗത്തിനനുസരിച്ച് ബാറ്ററിക്ക് വാടകനല്‍കിയാല്‍ മതിയെന്നത് ഉപഭോക്താക്കള്‍ക്കു നേട്ടമാണ്. ഇതിനുപുറമേ മൂന്നു വർഷത്തിനുശേഷം 60 ശതമാനം വിലയില്‍ വാഹനം തിരിച്ചെടുക്കാനുള്ള ഓപ്ഷനും കമ്ബനി മുന്നോട്ടുവെക്കുന്നു. സെക്കൻഡ് ഹാൻഡ് വൈദ്യുതവാഹനങ്ങള്‍ക്ക് വില ലഭിക്കില്ലെന്ന ആശങ്ക പരിഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബാറ്ററിയുടെ ഉയർന്നവിലയാണ് വൈദ്യുതവാഹനങ്ങളില്‍നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്.

















