ഇസ്രയേല്‍ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്ബോള്‍ പുതിയ ആയുധം പ്രയോഗിച്ച്‌ ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.

മിസൈലുകളില്‍ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്ബോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്ബോള്‍ അമ്ബതും നൂറും ബോംബുകളായി പതിക്കുന്നതാണ്. ഇത് വൻ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ്ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലസ്റ്റർ ബോംബുകള്‍ പോർമുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച്‌ മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകള്‍ ഏറെ വിവാദമായ ഒന്നാണ്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകട സാധ്യതയെക്കുറിച്ച്‌ ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റർ ബോംബ് മിസൈല്‍ വർഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2008-ല്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിർമ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാൻ ബോംബിട്ട് തകർത്തിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചിരുന്നു. സൊറോക ആശുപത്രി ആക്രമണത്തിന് ഇറാൻ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദർശിച്ച്‌ നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടുംമുടിക്കുമെന്നും ആവർത്തിച്ചു. ആശുപത്രി ആക്രമണത്തെ റെഡ്ക്രോസ് അപലപിച്ചു.

അതിനിടെ, സയണിസ്റ്റുകളെ അനുകൂലിച്ച്‌ അമേരിക്ക സംഘർഷത്തില്‍ ഇടപട്ടാല്‍ അവരെ പാഠംപഠിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്സദേഹ് മുന്നറിയിപ്പ് നല്‍കി. ഇത് അമേരിക്കയുടെ യുദ്ധമല്ലെന്നും പറഞ്ഞു.സംഘർഷം പരിഹരിക്കാനുള്ള സാധ്യതതേടി യൂറോപ്യൻ രാജ്യങ്ങള്‍ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയില്‍ അടിയന്തരയോഗം ചേരും. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കും. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് യോഗമെങ്കിലും യുഎസ് പ്രതിനിധികള്‍ പങ്കെടുക്കില്ല.ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിെയന്നാണ് വിവരം. എന്നാലതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ടുചെയ്തു.

ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാൻ സമയം അനുവദിക്കുന്നതിനാണിതെന്നാണ് സൂചന. തീരുമാനം രണ്ടാഴ്ചയ്ക്കകം ഉണ്ടാമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഭൂഗർഭത്തില്‍ സ്ഥിതിചെയ്യുന്ന ഇറാന്റെ ഫൊർദോ ആണവസമ്ബുഷ്ടീകരണകേന്ദ്രം തകർക്കാൻ ഇസ്രയേലിനെ സഹായിക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫൊർദോ തകർക്കാൻ ഇസ്രയേലിന് യുഎസിന്റെ ബങ്കർ ബസ്റ്റർ ബോംബായ ജിബിയു-57എ/ബി വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക