യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്‍കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്‍ക്കായി 2,443 ബില്യണ്‍ ഡോളറാണ് 2023 വർഷം ചെലവഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വർധനവാണ് സൈനിക ചെലവില്‍ ഉണ്ടായത്.
ആഗോള ജിഡിപിയുടെ 2.3 ശതമാനമാണ് സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തുക സൈന്യത്തിനായി ചെലവഴിക്കുന്ന രാജ്യം യുഎസ് ആണ്. ഏകദേശം 916 ബില്യണ്‍ ഡോളറാണ് യുഎസ് ചെലവഴിക്കുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 296 ബില്യണ്‍ ഡോളറാണ് ചൈനയുടെ സൈനിക ചെലവ്. 2023-24 കാലയളവിലെ ആഗോള സൈനിക ചെലവിന്റെ പകുതിയോളംവരും, ഇരുരാജ്യങ്ങളുടെയും സംഭാവന.
2023ല്‍ 24 ശതമാനം വർധനവ് രേഖപ്പെടുത്തി റഷ്യ മൂന്നാം സ്ഥാനത്താണ്. 109 ബില്യണ്‍ ഡോളറാണ് റഷ്യയുടെ സൈനിക ചെലവ്. രാജ്യത്തിന്റെ 5.9 ശതമാനം ജിഡിപിക്ക് തുല്യമാണിത്. അതേസമയം, സെനിക ചെലവ് 51 ശതമാനം വർധിച്ച് യുക്രൈൻ എട്ടാമത്തെ ഏറ്റവും കൂടുതല്‍ സൈനിക ചെലവുള്ള രാജ്യമായി മാറി. 64.8 ബില്യണ്‍ ഡോളറാണ് യുക്രൈൻ സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 37 ശതമാനത്തിനു തുല്യമാണിത്.
ജിഡിപിയുടെ 2.4 ശതമാനം സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 83.6 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്.
സൈനിക ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന 10 രാജ്യങ്ങള്‍: Highest Military Spenders Worldwide 2024
റാങ്ക് രാജ്യം ചെലവ് (USD, ബില്യണ്‍)
1 യുഎസ്‌എ $916b
2 ചൈന $296b
3 റഷ്യ $109b
4 ഇന്ത്യ $83.6b
5 സൗദി അറേബ്യ $75.8b
6 യുകെ $74.9b
7 ജർമ്മനി $66.8b
8 ഉക്രെയ്ൻ $64.8b
9 ഫ്രാൻസ് $61.3b
10 ജപ്പാൻ $50.2b
ഉറവിടം: IPRI Military Expenditure Database, Apr. 2024

















