ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കർണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ് ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോള്‍ വീടിന് തീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഏറെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.

കർണാടക പോലീസിലെ മുൻ വനിതാ എസ്.ഐ.യായ സുജാത(38)യുമായാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അരുണ്‍ രംഗരാജന് ബന്ധമുണ്ടായിരുന്നത്. ഒരേ ജില്ലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനും വനിതാ എസ്.ഐ.യും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ അരുണിന്റെ ഭാര്യ ഇയാളില്‍നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, ഒരുമിച്ച്‌ താമസംതുടരുന്നതിനിടെ ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത രംഗരാജനില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തമിഴ്നാട്ടില്‍ ക്ഷേത്രദർശനം നടത്തുന്നതിനിടെ രംഗരാജൻ സുജാതയെ ഉപദ്രവിച്ചതായിരുന്നു തർക്കങ്ങളുടെ തുടക്കം. ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. പിന്നാലെ ഇരുവരും ഗോബിചെട്ടിപ്പാളയത്തെ രംഗരാജന്റെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, ഇവിടെവെച്ചും രംഗരാജൻ ആക്രമിച്ചതോടെ സുജാത ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതിനല്‍കുകയുംചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ സംഭവം.

പങ്കാളിയെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയായതോടെ രംഗരാജൻ കോടതിയില്‍നിന്ന് ജാമ്യംനേടി. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടതോടെ കർണാടക സർക്കാർ രംഗരാജനെ സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ താമസം. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തിയത്. തുടർന്ന് ഇരുവരും തമ്മില്‍ വീണ്ടും തർക്കമുണ്ടായി.

ബുധനാഴ്ച പ്രശ്നം രൂക്ഷമായതോടെ രംഗരാജൻ ഇരുമ്ബുവടികൊണ്ട് സുജാതയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട സുജാത ഈവിവരം പോലീസില്‍ അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് രംഗരാജൻ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടശേഷം വീടിന് തീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാല്‍, പോലീസ് സംഘം ഉടൻതന്നെ തീയണച്ച്‌ അകത്തുകടക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.കസ്റ്റഡിയിലെടുക്കുന്നതിനിടെ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഇൻസ്പെക്ടറെ ആക്രമിക്കാനും ശ്രമിച്ചു. സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി കോയമ്ബത്തൂർ സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ്ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക