കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി തുടങ്ങിയ സംരംഭങ്ങള്‍ക്ക് എല്ലാം മുന്നില്‍ നിന്നെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് ഇപിയുടെ സങ്കടം.

നിലനിന്ന് പോകേണ്ട പുതിയ വഴി എന്തെന്ന് പാർട്ടിയോട് പറഞ്ഞയാളും നടപ്പാക്കിയ നേതാവുമാണ് ഇപി ജയരാജൻ. പുതിയ കാലത്തെ മൂലധനം എങ്ങനെ, എവിടെ നിന്ന് എന്നതില്‍ ഇപിയുടെ ധാരണ പുതിയ സംരംഭങ്ങളിലേക്ക് പാർട്ടിയെ എത്തിച്ചു. കണ്ണൂരിലെ കണ്ടല്‍ പാർക്ക് ഉള്‍പ്പെടെ അതിലുണ്ട്. വൈദേകം റിസോർട്ടടക്കം സംരംഭങ്ങള്‍ നാടിനും നാട്ടുകാർക്കും വേണ്ടി കൊണ്ടുവന്ന പദ്ധതിയെന്നാണ് ഇപി ജയരാജൻ്റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായി കഴിഞ്ഞാല്‍ കണ്ണൂർ പാർട്ടിയില്‍ ഇപി ആയിരുന്നു അവസാന വാക്ക്. എന്നാല്‍ സമവാക്യങ്ങള്‍ മാറി. ബന്ധു നിയമന വിവാദത്തോടെ കണ്ണൂർ ഘടകത്തില്‍ ഇപിക്കുള്ള പിന്തുണ കുറഞ്ഞു. അധികാരമൊഴിഞ്ഞതോടെ കീച്ചേരിയിലെ വീട്ടിലേക്ക് ഇപി ഒതുങ്ങി. പാർട്ടി പരിപാടികളിലേക്ക് പോലും ഇപിയെ ക്ഷണിക്കാതെയായി.

തന്നേക്കാള്‍ ജൂനിയറായ എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ പ്രതിഷേധമെന്നോണം പാർട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ഇപി വിട്ടുനിന്നു.ഇതിനിടെയാണ് പാർട്ടി സംസ്ഥാന സമിതിയില്‍ പി ജയരാജൻ നേരിട്ട് ഇപിക്കെതിരെ പരാതി ഉന്നയിച്ചത്. വൈദേകം റിസോർട് വിവാദത്തിന് തിരികൊളുത്തിയത് ഇങ്ങനെയായിരുന്നു. പാർട്ടിയില്‍ ഇപിയെ പിന്തുണക്കാൻ ആരുമുണ്ടായില്ല. പിന്നീട് ബിജെപി അനുകൂല പ്രസ്താവനകളിലും ജാവദേക്കാർ വിവാദത്തിലും ഇപിക്ക് ആരുടെയും പിന്തുണ ലഭിച്ചില്ല. വീട്ടില്‍ മാധ്യമങ്ങളെ പതിവായി കാണുന്ന ഇപിയുടെ രീതിയില്‍ കണ്ണൂർ പാർട്ടിയുടെ തലപ്പത്തുള്ളവർക്ക് നീരസമുണ്ടായി.

കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇപി ജയരാജൻ അപൂർവമായാണ് എത്തിയത്. പദവികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇപി ജയരാജൻ അവധി എടുത്തേക്കുമെന്നാണ് വിവരം. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ശേഷം കേന്ദ്രകമ്മിറ്റിയില്‍ ഇപി ജയരാജൻ ഉണ്ടാകുമോ എന്നതും സംശയമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അദ്ദേഹം മാറുകയാണെങ്കില്‍ പാർട്ടി തലപ്പത്തെ കണ്ണൂരുകാരില്‍ ഒരാളുടെ പേര് മായും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക