ക്വാറം തികയാത്തതിനെ തുടർന്ന് കോട്ടയം നഗരസഭയില്‍ ചെയർപേഴ്സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല.
ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാൻ സാധിക്കാതെ പോയത്. എല്‍.ഡി.എഫിന്റെ 22 അംഗങ്ങള്‍ മാത്രമാണ് വ്യാഴാഴ്ച രാവിലെ ഒൻപതു മണിക്ക് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയില്‍ ഹാജരായിരുന്നത്. ക്വാറം തികയാൻ 27 അംഗങ്ങളെങ്കിലും ഹാജരാകണമായിരുന്നു.
നഗരസഭയിലെ മൂന്നുകോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങള്‍ക്കിടെയാണ് എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

















