നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ.സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു മറ്റത്തൂരില്‍ നാല് സീറ്റ് കിട്ടിയ ബി.ജെ.പി ഭരിക്കുന്നത് കണ്ടില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു.
എല്ലാ സംസ്ഥാനത്തും ഇത് നടന്നിട്ടുണ്ട്. കേരളത്തില്‍ മാത്രം നടക്കില്ലെന്ന് കരുതരുത്. 35 സീറ്റുകള്‍ എന്നത് വെറുതെ പറഞ്ഞതല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11 ഇടക്ക് ബി.ജെ.പി ഒന്നാംസ്ഥാനത്ത് വന്നിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളില്‍ നേരിയ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. 15 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി. 35 എന്ന നമ്പർ വിഭൂതിയില്‍ നിന്ന് പറഞ്ഞതല്ല. ഇത്തവണ 35ല്‍ അധികം സീറ്റുകളില്‍ ബി.ജെ.പി നിർണായക ശക്തിയാണെന്നും എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരത്ത് 100 ശതമാനം വിജയിക്കും. ക്രോസ് വോട്ട് ചെയ്ത് ഞങ്ങളെ തോല്‍പ്പിക്കുകയായിരുന്നു ഇതുവരെ. മഞ്ചേശ്വരത്ത് ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ഇടതുപക്ഷത്തിന് കൂടുതല്‍ വോട്ട് നേടാമായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം സി.പി.എം സംസ്ഥാന സമിതി തള്ളുകയാണ് ചെയ്തത്. ബി.ജെ.പി ജയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം വരുത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും സതീശനും മതസംഘടനകളും എല്ലാം വന്ന് എസ്.ഡി.പി.ഐയെ പിൻവലിപ്പിച്ചു. നേരത്തെ എസ്.ഡി.പി.ഐ യു.ഡി,എഫിന് വോട്ട് ചെയ്തിരുന്നു. എല്‍.ഡി.എഫ് വോട്ട് മറിക്കുകയും ചെയ്തു. എന്നിട്ടും ബി.ജെ.പി 89 വോട്ടിനാണ് തോറ്റത് എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

















