തൃശൂരില്‍ നിന്ന് കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം. മുൻ എം.പി ടി.എൻ പ്രതാപനെതിരെയാണ് പരാതികളെത്തിയത്. പാർട്ടി വേദികളില്‍ നിന്ന് പ്രതാപനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ പ്രതാപനാണെന്നും പരാമർശമുണ്ട്.പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കില്‍ പാർട്ടി വേദികളില്‍ ബഹിഷ്കരണമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍ നാളെ തൃശൂരില്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് ധർണ ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് പ്രതാപനെ മാറ്റണമെന്നും ആവശ്യമുണ്ട്. തൃശൂരിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയത്. തൃശൂരിലെ തോല്‍വിയുടെ കാരണമന്വേഷിക്കാൻ അന്വേഷണ സമിതി രൂപികരിച്ചിരുന്നു. എന്നാല്‍ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ഈ വിഷയത്തില്‍ ആരോപണവിധേയനായ ഒരു വ്യക്തി കൂടിയാണ് ടി.എൻ പ്രതാപൻ. പ്രതാപനോടൊപ്പം മുൻ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ, മുൻ യു.ഡി.എഫ് ജില്ലാ ചെയർമാനായിരുന്ന എം.പി വിൻസെൻ്റ് എന്നിവർക്കെതിരെയും പരാതികളുണ്ട്.

















