മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് നടന്നുപോവുകയായിരുന്നു. തൃശൂരിലെ രാമനിലയത്തില്‍വച്ച്‌ പ്രതികരണം തേടിയപ്പോഴായിരുന്നു നടനും കേന്ദ്ര സഹമന്ത്രി കൂടിയുമായ സുരേഷ് ഗോപിയുടെ പെരുമാറ്റം.

നേരത്തെ മുകേഷിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. ആരോപണത്തിന്റെ രൂപത്തിലാണ് പരാതികള്‍ നില്‍ക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. സർക്കാർ കോടതിയില്‍ ചെന്നാല്‍ കോടതി കേസ് എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ സുരേഷ് ഗോപി വിമർശിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങള്‍. ആടുകളെ തമ്മില്‍ തല്ലിച്ച്‌ ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍. നടന്മാർക്കെതിരായ ലൈംഗികാരോപണ വാർത്ത മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണ്. നിങ്ങള്‍ ഇതുവച്ച്‌ കാശ് ഉണ്ടാക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഓഫിസില്‍ വരുമ്ബോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിയുടെ നിലപാടിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തള്ളിയിരുന്നു. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും മുകേഷ് രാജി വയ്ക്കണമെന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക