കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ നടക്കുന്ന സമ്മേളനത്തിൽ നിന്ന് ജോസ് കെ മാണിയെ ഒഴിവാക്കിയിരിക്കുന്നത് കേരള കോൺഗ്രസ് കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പാലാക്കാരൻ തന്നെയായ മന്ത്രി റോഷി അഗസ്റ്റിനും കോട്ടയം എംപിയായ ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിനും ക്ഷണമില്ല എന്നത് സഭ കേരള കോൺഗ്രസ് കെട്ടുപാടുകളിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
സഭയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസുകളെ പ്രതിനിധീകരിക്കുന്ന രണ്ട് എം.പിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ട്. ജോസ് കെ. മാണിയും ഫ്രാന്‍സിസ് ജോര്‍ജും. വിവിധ കേരളകോണ്‍ഗ്രസുകളില്‍ നിന്നു നാലു എം.എല്‍.എമാര്‍ നിയമസഭയിലുണ്ട്. മന്ത്രിയായ റോഷി അഗസ്റ്റ്യനും ക്രൈസ്തവ വിശ്വാസിയാണ്. കോണ്‍ഗ്രസില്‍ നിരവധി ക്രിസ്ത്യന്‍ എംഎല്‍എമാരുമുണ്ട്. എന്നാല്‍, അവരെയൊക്കെ മറികടന്നു ഉദ്ഘാടന സമ്മേളന വേദിയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എത്തിയത് യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് വിഭാഗം സൈബർ പടയാളികൾ സഭാ നേതൃത്വത്തിന് എതിരെ വിഷയത്തിൽ പരസ്യ വിമർശനവും ഉന്നയിക്കുന്നുണ്ട്. നാല്‍പതുവര്‍ഷമായി ആര്‍.എസ്.എസിന്റെ കറതീര്‍ന്ന പ്രവര്‍ത്തകനും സംഘപരിവാറിനായി ജീവിതം മാറ്റിവെച്ചതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയ വ്യക്തിയുമാണ് ജോര്‍ജ് കുര്യനെന്ന് ഇവര്‍ ആരോപിക്കുന്നു. കെഎം മാണിയുടെ കാലത്ത് കേരളത്തിലെ കത്തോലിക്കാ സഭയുടെ രാഷ്ട്രീയ മുഖം അദ്ദേഹം ആയിരുന്നു. എന്നാൽ മകന് ഈ ആനുകൂല്യം നൽകാൻ സഭാ നേതൃത്വം തയ്യാറാകാത്തത് കേരള കോൺഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതവും രാഷ്ട്രീയ തിരിച്ചടിയുമാണ്.
സഭാ നിയമപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ചേരേണ്ടത്. 2016ലാണ് അവസാന അസംബ്ലി നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദം കാരണമാണ് അഞ്ചുവര്‍ഷത്തിനു പകരം എട്ടാംവര്‍ഷം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാം സമ്മേളനം ആഗസ്റ്റ് 23ന് പാലായില്‍ തുടങ്ങിയത്. അഞ്ച് ദശലക്ഷം സിറോമലബാര്‍ സഭാതനയരുടെ പ്രതിനിധികള്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും പഠനത്തിന്റേയും നിറവില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി അവസാന ദിവസത്തേക്ക് അടുക്കുകയാണ്.. ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമടക്കം 348 അംഗങ്ങള്‍ പങ്കെടുക്കുന്നത്.

















