സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകാരായ വടയാർ സുനില്‍, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീല്‍ നോട്ടീസ് അയച്ചത്.
‘കെഎസ്‌ഇബി എന്ന കൊള്ളസംഘം; നിങ്ങള്‍ അറിയുന്നുണ്ടോ’ എന്ന തലക്കെട്ടില്‍ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയില്‍ ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് എന്ന് കെ എസ് ഇ ബി പറയുന്നു. ബോര്‍ഡ് ല്‍കുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങള്‍ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ പ്രചാരണത്തിലെ ഓരോ പരാമർശങ്ങള്‍ക്കും നിയമപരമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീല്‍ നോട്ടീസ്.
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും കെ എസ് ഇ ബി അറിയിച്ചു. രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ അടക്കം സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരു യൂട്യൂബ് ചാനലാണ് എബിസി മലയാളം. എന്നാൽ ഏതാനും മാസങ്ങളായി തികഞ്ഞ സംഘപരിവാർ ബിജെപി പക്ഷപാതിത്വം ചാനൽ സംരക്ഷണം ചെയ്യുന്ന വീഡിയോകളിൽ മുഴച്ചു നിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. ആർഎസ്എസ് സൈദ്ധാന്തികനായിരുന്ന ടിജി മോഹൻദാസ് ഇപ്പോൾ ചാനലിൽ സ്ഥിരം സാന്നിധ്യമാണ്.

















