സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചെന്ന് കാട്ടി ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി. സ്വാതന്ത്ര്യ ദിനത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിച്ചെന്ന് കാട്ടി കെഎസ്‌യുവാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന ചിത്രമാണ് ആദ്യം ഷെയർ ചെയ്തതെന്നും പിന്നീട് ഇത് പിൻവലിച്ചതായും പരാതിയില്‍ പറയുന്നു. രാഷ്ട്രപിതാവിൻ്റെ ചിത്രത്തിന് പ്രാധാന്യം കുറച്ചാണ് നല്‍കിയതെന്നും ആരോപണമുണ്ട്.’സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ ജനം ടിവി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റാണ് വിവാദത്തില്‍ ആയിരിക്കുന്നത്.

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേശ് സുധര്‍മനാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജനം ടിവിക്കെതിരെ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് ആവശ്യം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌യുവിൻ്റെ പരാതിയുടെ പൂർണരൂപം

ബഹുമാനപ്പെട്ട സാര്‍,

നമ്മുടെ രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവി എന്ന ചാനല്‍. ജനം ടിവി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍, അദ്ദേഹത്തിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. മഹാത്മാ ഗാന്ധിജിക്കെതിരായി വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളില്‍ സ്പര്‍ദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഈ ജനം ടിവി ചാനലിന്റെ ശ്രമങ്ങള്‍ക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും, രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവര്‍ക്കെതിരെ കലാപ ആഹ്വാന കുറ്റം അടക്കം ചുമത്തി കേസ് നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക