കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല എന്ന പരാമര്‍ശമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ ശേഷം താന്‍ ഇടപെട്ട് ചെയ്ത പദ്ധതികള്‍ സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരിച്ചു.
വടകരയിലും തലശേരിയിലും കൊല്ലം ജില്ലയിലും പാലക്കാടും ആലപ്പുഴയിലും വകയിരുത്തിയ തുകയുടെ കണക്കും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെയാണ് സുരേഷ് ഗോപി തൃശൂരിലെ പരിപാടിയില്‍ അധിക്ഷേപിച്ചത്.”വടകരയിലെ ഒരു മാക്രി, പഠിപ്പും വിവരവുമുള്ള ആളാണ്. എന്താണ് ഇങ്ങനെ ആയത് എന്ന് എനിക്കറിയതത്തില്ല. അയാള്‍ക്ക് രോദനമാണ്. എന്തൊക്കെയോ പറയുന്നുണ്ട്. ഒരു വിഡ്ഡിയാണ്. അങ്ങേരുടെ മൂക്കിന് താഴെ വടകരയില്‍ 95.34 കോടി രൂപയുടെ പദ്ധതിയാണ് കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്. തൃശൂര്‍ എംപിക്കിട്ട് ഞോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ചുകളയും”- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരനെതിരെയാണ് സുരേഷ് ഗോപിയുടെ കടുത്ത വാക്കുകള്‍. സുരേഷ് ഗോപി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്നും ഇങ്ങനെ പോയാല്‍ ബിജെപിയെ അദ്ദേഹം തന്നെ പരാജയപ്പെടുത്തുമെന്നുമായിരുന്നു ദിവാകരന്‍ പറഞ്ഞത്. മനോരമ ന്യൂസിന്റെ പരിപാടിക്കിടെയായിരുന്നു ദിവാകരന്റെ വാക്കുകള്‍.

















