‘സൗഹൃദ’ മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം. വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനമാണ് പിഴച്ചത്.കോണ്‍ഗ്രസിന് ദാർഷ്ട്യം ആരോപിച്ച്‌ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതിനപ്പുറം എല്‍.ഡി.എഫിനെ വിജയിപ്പിക്കാൻ അവസാന നിമിഷമുണ്ടായ ജില്ല നേതൃത്വത്തിന്‍റെ ഇടപെടല്‍ പാർട്ടിക്കോ മുന്നണിക്കോ ഗുണപ്പെടില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിനെതിരായ വിമർശനം.

പാർട്ടി ഗ്രൂപ്പുകളിലും പോഷക സംഘടന കൂട്ടായ്മകളിലും നഗസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിലാണ് നേതൃത്വം പ്രതിക്കൂട്ടില്‍. ചെയർമാൻ പദവിയെന്ന ലീഗിന്‍റെ ആവശ്യം മുന്നണി നേതൃത്വത്തില്‍ സമ്മർദം ചെലുത്തുംവിധം അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. മുതിർന്ന നേതാക്കള്‍ ചർച്ചകള്‍ക്ക് പോയില്ല. അവസാനവട്ട ചർച്ചയില്‍ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി സംസ്ഥാന വൈസ് പ്രസിഡന്‍റ് എത്തിയതു മാത്രമാണ് അപവാദം. ഇതാകട്ടെ വിജയത്തിലെത്തിയതുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സാധ്യതയും കാണാതെ ഒറ്റക്കു മത്സരിച്ചതിനെയും സൗഹൃദമത്സരം പ്രഖ്യാപിച്ച നേതാക്കള്‍ തന്നെ, കോണ്‍ഗ്രസ് സ്ഥാനാർഥി വിജയിക്കുമെന്നായപ്പോള്‍ അവരെ തോല്‍പിക്കാൻ നിർദേശിച്ചതിലും അണികള്‍ക്ക് അമർഷമുണ്ട്. ലീഗ് തട്ടകത്തില്‍ അട്ടിമറി ജയം നേടിയ സബീന ബിഞ്ചുവിനെ നഗരസഭ അധ്യക്ഷയാക്കാൻ കൂട്ടുനിന്ന നടപടി പാർട്ടി ശത്രുവിന് ആയുധം നല്‍കുന്ന നടപടിയായി. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ സബീന ലീഗിന്‍റെ കുത്തക സീറ്റായ കുമ്മംകല്ലില്‍നിന്ന് വിജയിച്ചാണ് നഗരസഭയില്‍ എത്തിയത്. രണ്ടാംതവണ ജയം ആവർത്തിച്ചതോടെ അവരുടെ സ്വാധീനം കുറക്കുന്ന നടപടിയില്‍ ലീഗ് വ്യാപൃതമായിരിക്കെ ‘പട്ടം’ നല്‍കുന്നതുപോലെയായി നേതൃത്വത്തിന്‍റെ നടപടിയെന്നും ഒരുവിഭാഗം പറയുന്നു.

എല്‍.ഡി.എഫുമായി ധാരണയില്ലാതിരുന്നിട്ടും അവരെ പിന്തുണക്കാൻ കാണിച്ച വാശി, പാർട്ടിക്ക് ഒരു നേട്ടവും നല്‍കുന്നില്ലെന്ന് മാത്രമല്ല യു.ഡി.എഫിന്‍റെ മുറിവില്‍ ഉപ്പുതേക്കുന്നതുമായി. ആലോചനയില്ലാത്ത ഈ നടപടി കൗണ്‍സിലില്‍ ഇനിയങ്ങോട്ട് എല്‍.ഡി.എഫിനെ ശക്തമായി പോരാടുന്നതിനും തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലീഗിന്‍റെ വാർഡില്‍ കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് സെക്രട്ടറിയെ പിടിച്ച്‌ സ്ഥാനാർഥിയാക്കരുതായിരുന്നെന്നും പാർട്ടിയില്‍ മത്സരിക്കാൻ ആളില്ലായിരുന്നെങ്കില്‍ സീറ്റ് വിട്ടുനല്‍കണമായിരുന്നെന്നും വിമർശനമുണ്ട്. അതല്ലെങ്കില്‍ പൊതുസ്വതന്ത്രനെ സ്ഥാനാർഥിയാക്കണമായിരുന്നു.

ലീഗ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച കൗണ്‍സിലർ ലീഗ് നിർദേശം മാനിക്കാതെ കോണ്‍ഗ്രസ് സ്ഥാനാർഥിക്കാണ് വോട്ട് നല്‍കിയത്. ശേഷിക്കുന്ന കാലാവധി കോണ്‍ഗ്രസിന് മാത്രമായി വേണമെന്ന കടുംപിടിത്തമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും ഒടുവില്‍ ലീഗിന് പകുതി സമ്മതിച്ചപ്പോള്‍ ആദ്യടേമിന് വാശിപിടിച്ചതും ചൂണ്ടിക്കാട്ടുന്നു മറുപക്ഷം. ലീഗിനെ വഞ്ചിച്ചും ഒഴിവാക്കിയും ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് എല്ലാത്തിനും കാരണമെന്നും മറു വിഭാഗം പറയുന്നു. ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും രണ്ടുപേരെ മാറ്റി നിർത്തിയും ഒമ്ബതാം വാർഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നടത്തിയ കള്ളക്കളിയാണ് എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ ന്യായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക