നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്‌ളീം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്.പട്ടികയില്‍ ഉള്‍പ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്.
‘ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ല. വനിതാ ലീഗ് എന്ന പോഷക സംഘടനയെ തഴഞ്ഞു, അവരെ അവഗണിച്ചു.വനിതാ ലീഗിലെ അണികളുടെ വേദന പൊതുസമൂഹവുമായി പങ്കുവെച്ചിട്ടില്ലെങ്കില്‍ എന്നെ സ്ഥാനത്തിരുത്തിയവരോട് ചെയ്യുന്ന അനീതിയാണ്,പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നല്‍കിയത്. ‘,വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു.
‘വനിതാ ലീഗ് അണികളുടെ വേദനയാണ് പങ്കുവച്ചത്. താൻ സംഘടനയെ എല്ലാകാലത്തും സംരക്ഷിച്ചിട്ടുണ്ട്. പറയേണ്ടത് കൃത്യസമയത്ത് പറഞ്ഞില്ലെങ്കില്‍ എന്റെ വ്യക്തിത്വം ഇല്ലാതാവും. താൻ സംസാരിക്കുന്നത് നൂർബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല. എന്റെ പിന്നിലുള്ള അണികള്‍ക്ക് വേണ്ടിയാണ്’. നൂർബിന റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
വനിത ലീഗ് ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച തകരയല്ല . സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും ലീഗിന്റെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും നൂർബിന റഷീദ് പറഞ്ഞു .
ലീഗില്‍ വനിതാ ലീഗ് എന്ന പോഷക സംഘനയെ ഇത്രത്തോളം വളർത്തിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കഷ്ടപ്പെടുന്നവരെയും പരിഗണിക്കണമെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു. ലീഗ് സ്ഥാനാർത്ഥി പട്ടികയില്‍ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു നൂർബിന റഷീദ്. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന.

















