ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്. ഇവരുടെ നീക്കങ്ങള്‍ മത്സരഹാളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.

ദക്ഷിണ റഷ്യയിലെ ഒരു പ്രാദേശിക ചെസ് മത്സരത്തിനിടെയായിരുന്നു സംഭവം. അമിന അബകരോവയുടെ കുട്ടിക്കാലം മുതലുള്ള ചെസ് എതിരാളി ഉമൈഗ്നറ്റ് ഒസ്മനോവയെയായിരുന്നു മത്സരത്തില്‍ നേരിടേണ്ടിയിരുന്നത്. സാധാരണ പോലെ മത്സരം തുടങ്ങി അല്‍പനേരം കഴി‌ഞ്ഞപ്പോള്‍ എതിരാളിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി. കടുത്ത തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് വിധികർത്താക്കളെ വിവരം അറിയിച്ചു. പൊലീസിനെയും മറ്റ് ഏജൻസികളെയും വിളിച്ചുവരുത്തി. പിന്നാലെ സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് കാര്യം പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം നടക്കുന്നതിനും വളരെ വേഗം സ്ഥലത്തെത്തിയ ഇവർ മത്സര ഹാളില്‍ കടന്ന് വിവിധ ടേബിളുകള്‍ പരിശോധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് ഒരു ടേബിളിന് അടുത്തെത്തി ചെസ് ബോർഡിന് സമീപം നില്‍ക്കുകയും കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് എന്തോ വസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. തുടർന്ന് അത് ചെസ് ബോർഡില്‍ അത് തേയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ചെസ് കരുക്കളിലും ഇത് തേയ്ക്കുന്നുണ്ട്. പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഹാളില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു. ഇവർ ചെസ് ബോർഡില്‍ തേച്ചത് മെർക്കുറി ആണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി.

മെ‍ർക്കുറി വിഷബാധ മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. മത്സര എതിരാളിയെ വിഷയം കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇവർ പിന്നീട് സമ്മതിച്ചു. വ്യക്തിപരമായി തന്നെ ഒരിക്കല്‍ അവഹേളിച്ചതിലുള്ള പ്രതികാരമായിരുന്നു ഇതെന്നാണ് അവരുടെ വാദം. ഒരു തെർമോമീറ്റർ പൊട്ടിച്ചാണ് മെർക്കുറി എടുത്ത് ചെസ് ബോർഡില്‍ തേച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.ഇത്തരമൊരു സംഭവം ആദ്യമായി കേള്‍ക്കുകയാണെന്നാണെന്ന് റഷ്യയില്‍ ചെസ് മത്സരവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവർ പറയുന്നത്. മത്സരങ്ങളില്‍ നിന്ന് സസ്പെൻഡ് ചെയ്തതിന് പുറമെ യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കാൻ പര്യാപ്തമായ കുറ്റമാണിതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക