ഓണ്‍ലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ് ശ്രമം. കഴിഞ്ഞവർഷം പുറത്തിറക്കിയ കരട് ബില്ലിനേക്കാള്‍ പുതിയ ബില്ലില്‍ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യവസ്ഥകള്‍ കടുപ്പിച്ചു.
യൂട്യൂബ്, ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓണ്‍ലൈൻ പോർട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് നീക്കം. കണ്ടന്റ് നിർമാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ’ എന്നാണ് കരട് ബില്ലില് നിർവചിക്കുന്നത്.
പ്രധാന നിയന്ത്രണങ്ങൾ
- നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും.
- പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയില്‍ കവിഞ്ഞാല്‍ കണ്ടന്റ് നിർമാതാക്കള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റർ ചെയ്യണം.
- പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓണ്‍ലൈൻ വാർത്താ ചാനലുകളെയും വീഡിയോ നിർമാതാക്കളെയും ലക്ഷ്യമിട്ടാണ് നിയമനിർമാണം എന്ന ആരോപണം ശക്തമാണ്. ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്റ്റേ ചെയ്ത കുപ്രസിദ്ധമായ 2021ലെ ഐടി നിയമത്തിലെ ‘കോഡ് ഓഫ് എത്തിക്സ്’ ഭാഗത്തിന് നിയമപരമായ സാധൂകരണം നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. യുക്തിരഹിതവും നിയമത്തിന് പുറത്തുള്ളതുമെന്ന് കണ്ടെത്തിയാണ് സ്റ്റേ ചെയ്തിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ് പുതിയ നീക്കമെന്ന് ആരോപണം ഉയരുന്നു. ധ്രുവ് റാഠി, രവീഷ് കുമാർ തുടങ്ങിയ സ്വതന്ത്ര ഓണ്‍ലൈൻ മാധ്യമപ്രവർത്തകർ ബിജെപി നയങ്ങളെ തുറന്നുകാട്ടിയത് ഉത്തരേന്ത്യയിലെ സാധാരണക്കാരില്‍ ബിജെപിക്കെതിരായ വികാരം സൃഷ്ടിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

















