എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെൻ്ററി പാർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. ടിആർ ബാലു, ധർമ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയില്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് ലോക്സഭാ വിജ്ഞാപനം അധികം വൈകാതെ പുറത്തിറങ്ങും.
ഇന്ത്യൻ പാർലമെൻറിലെ മൂന്ന് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റികളിൽ പ്രധാനപ്പെട്ടതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. സർക്കാരിൻറെ വരവുകളും ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള അധികാരമാണ് കമ്മിറ്റിക്ക് ഉള്ളത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുമ്പോൾ അത് പരിശോധിക്കാനുള്ള ഉത്തരവാദിത്വം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കാണ്. ലോക്സഭയിൽ നിന്ന് 15 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 7 അംഗങ്ങളും ഉൾപ്പെടെ 22 അംഗ കമ്മിറ്റിയാണിത്. പാർലമെൻറിൽ ഉള്ള പ്രാധിനിത്യം അനുസരിച്ചാണ് കമ്മിറ്റിയിൽ ഓരോ പാർട്ടിക്കും അംഗത്വം ലഭിക്കുന്നത്
ദീർഘകാലമായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കെ സി വേണുഗോപാൽ ഗാന്ധി കുടുംബത്തിന്റെയും പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെയും വിശ്വസ്തനാണ്. രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര അടക്കമുള്ള പ്രധാന പ്രചാരണ പരിപാടികളുടെ സംഘാടകൻ കൂടിയാണ് കെ സി വേണുഗോപാൽ. കഴിഞ്ഞ തവണ കോൺഗ്രസ് കൈവിട്ട ആലപ്പുഴ സീറ്റ് തിരികെ പിടിക്കാനാണ് രാജ്യസഭാ അംഗത്വം രാജിവെപ്പിച്ച് കെസി വേണുഗോപാലിനെ ഇത്തവണ കേരളത്തിൽ മത്സരിപ്പിച്ചത്.

















