വ്യക്തിശുചിത്വവും ആരോഗ്യവും പാലിക്കേണ്ട ഭക്ഷണ നിർമ്മാണ യൂണിറ്റുകളില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാകുന്നു.ഉത്തർപ്രദേശിലെ നോയിഡയില്‍ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് നിലവില്‍ ഇന്റർനെറ്റില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
വൃത്തിഹീനമായ തറയില്‍ വെച്ച്, നഗ്നപാദരായി, യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ സോയാ ചാപ് നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.വളരെയധികം ആളുകള്‍ പുറത്തുനിന്ന് സ്ഥിരമായി വാങ്ങി കഴിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് സോയാ ചാപ്. എന്നാല്‍ ഇത് നിർമ്മിക്കുന്ന ഫാക്ടറികളിലെ ദയനീയമായ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ചെളിനിറഞ്ഞ തറയില്‍ വച്ചാണ് ചാപ് തയ്യാറാക്കുന്നത് എന്നും, തൊഴിലാളികള്‍ ഷർട്ട് ധരിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ആരോഗ്യ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങള്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഭക്ഷണശാലകളിലെയും നിർമ്മാണ യൂണിറ്റുകളിലെയും ശുചിത്വക്കുറവിനെതിരെ മുൻപും നിരവധി തവണ പരാതികള്‍ ഉയർന്നിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് ജനങ്ങളില്‍ വലിയതോതില്‍ അമർഷമുണ്ടാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പാകം ചെയ്യുന്ന ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഫുഡ് സേഫ്റ്റി അധികാരികള്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വലിയ നഗരങ്ങളില്‍ പ്രവർത്തിക്കുന്ന പല സ്ട്രീറ്റ് ഫുഡ് കേന്ദ്രങ്ങളുടെയും ഫാക്ടറികളുടെയും യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ജനരോഷമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും, ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവർക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നെറ്റിസണ്‍സ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.















