നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ഉയർത്തി ജന്തർമന്തറില്‍ വിദ്യാർഥികള്‍ നടത്തുന്ന പ്രതിഷേധത്തിനൊടുവില്‍ കേന്ദ്രസർക്കാർ വഴങ്ങി.വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ, മൂന്നാം മോദി സർക്കാരില്‍ പ്രക്ഷോഭത്തെ തുടർന്ന് രാജിവെക്കുന്ന ആദ്യ മന്ത്രിയായി അദ്ദേഹം മാറി.
മോദി സർക്കാരിന്റെ ഭരണകാലത്ത് കേന്ദ്രമന്ത്രിമാർ രാജിവെക്കുന്ന സംഭവങ്ങള്‍ തന്നെ അപൂർവമാണ്. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി പദവിയൊഴിയുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയും ധർമേന്ദ്ര പ്രധാന്റെ രാജിക്കുണ്ട്.മൂന്നാം മോദി സർക്കാരില്‍ നേരത്തെയുണ്ടായ പ്രധാന മാറ്റങ്ങള്‍ രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്നായിരുന്നു. ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രിയായിരുന്ന മലയാളിയായ ജോർജ് കുര്യനും റെയില്‍വേ സഹമന്ത്രി റവ്നീത് സിംഗ് ബിട്ടുവും ഇതിന്റെ ഭാഗമായി രാജിവെച്ചിരുന്നു.
സാധാരണയായി മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മോദി സർക്കാരില്‍ മന്ത്രിമാരെ മാറ്റുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്തോ വിവാദങ്ങളെ തുടർന്നോ രാജിവെക്കുന്ന സംഭവങ്ങള്‍ താരതമ്യേന കുറവാണ്. അതിനാല്‍ വിദ്യാർഥി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ധർമേന്ദ്ര പ്രധാൻ പടിയിറങ്ങുന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
മോദി സർക്കാരിന്റെ ആദ്യ കാലയളവ് മുതല്‍ മന്ത്രിമാരുടെ രാജികള്‍ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ സമ്മർദങ്ങളോ അപ്രതീക്ഷിത സാഹചര്യങ്ങളോ ഉണ്ടായിരുന്നു.2017ല്‍ തുടർച്ചയായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചിരുന്നു. 2018ല്‍ നിരവധി വനിതാ മാധ്യമപ്രവർത്തകർ മീടൂ വെളിപ്പെടുത്തലുകളിലൂടെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടർന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന് മന്ത്രിസ്ഥാനം നഷ്ടമായി.
2019ല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ ശിവസേന നേതാവ് അരവിന്ദ് സാവന്ത് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജിവെച്ചു. 2020ല്‍ കാർഷിക നിയമങ്ങളോടുള്ള വിയോജിപ്പിനെ തുടർന്ന് ശിരോമണി അകാലിദള്‍ നേതാവ് ഹർസിമ്രത് കൗർ ബാദല്‍ രാജിവെച്ചതും സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു.
ഇവയില്‍ ഭൂരിഭാഗം രാജികളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയോ മന്ത്രിസഭാ പുനഃസംഘടനയുടെയോ ഭാഗമായിരുന്നു. എന്നാല്‍ ധർമേന്ദ്ര പ്രധാന്റെ രാജി നേരിട്ട് ജനകീയ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് ശ്രദ്ധേയമാകുന്നത്.
നീറ്റ് ക്രമക്കേടിനെതിരെ ജന്തർമന്തറില്‍ നടന്ന പ്രതിഷേധവും വിദ്യാർഥികള്‍ക്കെതിരായ പൊലീസ് നടപടിയും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.നീറ്റ് ക്രമക്കേടില്‍ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധിച്ച വിദ്യാർഥികള്‍ക്കെതിരായ എഫ്‌ഐആർ പിൻവലിക്കുക, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ മൂന്ന് പ്രധാന ആവശ്യങ്ങള്‍.ആദ്യ രണ്ട് ആവശ്യങ്ങളിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജിയില്‍ തീരുമാനം ഉണ്ടായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിജെപി നീക്കം ശക്തമാക്കിയതോടെയാണ് ചർച്ചയ്ക്ക് തൊട്ടുമുമ്പായി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.

















