ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം നല്‍കാനെത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. നിലവില്‍ താരത്തിന് നിയമോപദേശം നല്‍കാന്‍ അഭിഭാഷകരെ അനുവദിക്കാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമിത് ചക്കാലക്കലിന്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇവ. കേസിന്റെ ഭാഗമായി കസ്റ്റംസ് നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് നടപടി.
സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നേരത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നടന്‍ മമ്മൂട്ടിയുടെ പനമ്ബിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടന്നു. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള മറ്റ് സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകളിലും പരിശോധന നടന്നുവരുന്നുണ്ട്. സംസ്ഥാനത്തെ ആഡംബര കാറുകളുടെ ഷോറൂമുകളിലും ഇടനിലക്കാരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് 11 വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ, കുറ്റിപ്പുറം, മൂര്‍ക്കനാട് എന്നിവിടങ്ങളിലും പരിശോധനകള്‍ പുരോഗമിക്കുന്നു.
കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് വിധേയരാകുന്നുണ്ട്. വാഹനങ്ങളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിച്ചു വരികയാണ്. ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ കൊച്ചിയില്‍ ഇന്ന് വൈകിട്ട് 6.30ന് കസ്റ്റംസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. അനധികൃത ഇറക്കുമതി തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്

















