കേരളത്തിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു സെൻട്രല്‍ ജയില്‍ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നിലവില്‍ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുന്നതിനൊപ്പം ജയില്‍ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
ജയില്‍ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ജയിലുകളില്‍ സമഗ്രമായ പരിഷ്കരണങ്ങള്‍ക്ക് സർക്കാർ തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു.
വെറും തടവറകള്‍ എന്നതിനപ്പുറം, തടവുപുള്ളികളെ സന്മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകള്‍ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ജയില്‍ സംവിധാനങ്ങള്‍ പൂർണ്ണമായും ആധുനികവല്‍ക്കരിക്കും. ഇതിന്റെ ആദ്യപടിയായി എല്ലാ ജയിലുകളിലും വിഡിയോ കോണ്‍ഫറൻസിങ് സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

















