രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.മുൻ എംഎല്‍എക്കെതിരെ മൂന്നു സ്ത്രീകള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മുഖം നോക്കാതെയുള്ള നടപടി ഉറപ്പു നല്‍കുകയാണ് ചെന്നിത്തല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള ഏതതിക്രമത്തെയും ശക്തമായി നേരിടും. അവിടെ ആര്, എന്ത് തുടങ്ങിയ വിഷയങ്ങളില്ല. സ്ത്രീകള്‍ക്ക് ഈ സർക്കാർ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്ന് മന്ത്രി വ്യക്തമാക്കി.
മാങ്കൂട്ടത്തില്‍ കേസിന്റെ തുടക്കത്തില്‍ തന്നെ രാജി ആവശ്യപ്പെട്ട മുതിർന്ന കോണ്‍ഗ്രസ് നേതാവായിരുന്നു മന്ത്രി ചെന്നിത്തല. രാഹുല്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. ലൈംഗിക പീഡന ആരോപണത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
“രാഹുല്‍ ഒരു മിനിറ്റ് പോലും എംഎല്‍എ സ്ഥാനത്ത് തുടരരുത്. ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യും,” എന്നായിരുന്നു ചെന്നിത്തലയുടെ അഭിപ്രായം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത കാട്ടുമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജനമൈത്രി പൊലീസിനെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തും. പുതിയ തലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

















