സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി ലൈൻ ഓർക്കിഡ് ഇന്റർനാഷണല്‍ അപ്പാർട്മെന്റിലെ സിന്ധു (31)യെയുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ കടത്ത് കേസില്‍ സിന്ധുവിനെതിരെ മൂന്ന് കേസുകളും അച്ചുവിനെതിരെ രണ്ടും നിലവിലുണ്ട്.

2023-ല്‍ പാലക്കാട്ട് കാറില്‍ കടത്താനെത്തിയ 25 ഗ്രാം എംഡിഎംഎയുമായി ഇവരെ കൊല്ലംകോട് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, കഴിഞ്ഞ ജൂലൈയില്‍ കൊല്ലത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നു 6 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ സിന്ധു, പിന്നീടും ലഹരി വില്‍പ്പന പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റുചെയ്തു. നിലവില്‍ സിന്ധു എറണാകുളം കാക്കനാട് വനിതാ ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ വില്‍പനയ്ക്കിറക്കിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമായതോടെ ഇരുവരെയും കരുതല്‍ തടങ്കലിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം എസിപി എസ്. ഷെറീഫ് സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണനു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ആഭ്യന്തര വകുപ്പ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അച്ചുവിനെ കൊല്ലത്തുനിന്ന് ഇൻസ്‌പെക്ടർ പുഷ്പകുമാറും എസ്‌ഐ നിയാസും ചേർന്ന പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തിയത് കാക്കനാട് ജയിലിലെത്തി ഈസ്റ്റ് എസ്‌ഐ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു. ലഹരി കടത്തിന്റെ റൂട്ടുകള്‍ കണ്ടെത്തുന്നതിനായി അന്വേഷണ നടപടികള്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക