പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം അധ്യക്ഷനായിരുന്നു സദ്ദാം ഹുസൈൻ. പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കില്‍ കൂട്ടമായി രാജിവെക്കും എന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ നേതാക്കളെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രവർത്തകരുമായി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന യോഗത്തിലാണ് സദ്ദാമിനെ തിരിച്ചെടുക്കാൻ തീരുമാനമായത്. പി സരിനും എ കെ ഷാനിബിനും മുമ്ബേ ഷാഫി പറമ്ബിലിനെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് സദ്ദാം. ഷാഫി പറമ്ബില്‍ എംഎല്‍എയായിരുന്ന കാലത്ത് പാലക്കാട് പത്രസമ്മേളനം വിളിച്ച സദ്ദാം, ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.
ഷാഫി പറമ്ബിലിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഷാഫിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പരിശോധിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2023 ജൂണ്‍ 28നായിരുന്നു സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. എന്നാൽ നിർണായക തെരഞ്ഞെടുപ്പ് ആയതിനാൽ പാർട്ടി മുൻകൈ എടുത്ത് സദ്ദാമിനെ തിരികെ എടുക്കാൻ നിർബന്ധിതമായി.

















