തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചസംഭവത്തില്‍ അഭിഭാഷകൻ അഡ്വ. ബെയ്ലിൻ ദാസിനെതിരേ ബാർ കൗണ്‍സിലിന്റെ നടപടി. അഡ്വ. ബെയ്ലിൻ ദാസിന് സംസ്ഥാന ബാർ കൗണ്‍സില്‍ വിലക്കേർപ്പെടുത്തി. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാർ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനാണ് ബെയ്ലിൻ ദാസിന് ഇന്നുമുതല്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അച്ചടക്കസമിതിയുടെ അന്തിമതീരുമാനം വരുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ ദാസിന്റേത് നിന്ദ്യമായ നടപടിയാണെന്നും ബാർ കൗണ്‍സില്‍ വിലയിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ബാർ അസോസിയേഷനിലെ ആരും ബെയ്ലിൻ ദാസിനെ സഹായിച്ചിട്ടില്ലെന്ന് ബാർ കൗണ്‍സില്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആരും അറസ്റ്റ് തടഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസിന് സ്വതന്ത്രമായ അന്വേഷണം നടത്താമെന്നും ബാർ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ പാറശ്ശാല കോട്ടവിള പുതുവല്‍പുത്തൻവീട്ടില്‍ ശ്യാമിലി(26)യെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ചത്. അടിയേറ്റ് കണ്ണിനും താടിയെല്ലുകള്‍ക്കും പരിക്കേറ്റ ശ്യാമിലി കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കൈകൊണ്ടും നിലംതുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്സ്റ്റിക്കുകൊണ്ടും സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ചെന്നാണ് ശ്യാമിലിയുടെ പരാതി.

ചൊവ്വാഴ്ച രണ്ടരയോടെ വഞ്ചിയൂർ ത്രിവേണി ആശുപത്രി റോഡിലെ വക്കീല്‍ ഓഫീസിലായിരുന്നു സംഭവം. മൂന്നുവർഷമായി ബെയ്ലിനൊപ്പം ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ ഒരാഴ്ച മുൻപ് പുറത്താക്കിയതായി അറിയിച്ചിരുന്നു. രണ്ടുദിവസം മുൻപ് വീണ്ടും വിളിച്ച ബെയ്ലിൻ, ഇവരോട് ക്ഷമ ചോദിക്കുകയും തിരികെ ജോലിക്കുവരാൻ നിർബന്ധിക്കുകയും ചെയ്തു. ജോലിക്കെത്തിയ ശ്യാമിലി തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതാണ് കൊടുംമർദനത്തില്‍ കലാശിച്ചത്. ഒടുവില്‍ ശ്യാമിലിയുടെ ഭർത്താവെത്തിയാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസ് ഒളിവില്‍പോയിരിക്കുകയാണ്.

ഗർഭിണിയായിരുന്ന സമയത്തും ബെയ്ലിൻ ദാസ് മർദിച്ചിരുന്നതായും പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ബാർ അസോസിയേഷൻ ഭാരവാഹികള്‍ തടഞ്ഞതായും ശ്യാമിലി ആരോപിച്ചിരുന്നു. വക്കീല്‍ ഓഫീസില്‍നിന്ന് ബെയ്ലിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു ബാർ അസോസിയേഷൻ ഭാരവാഹികളുടെ നിലപാടെന്നും ശ്യാമിലി പറഞ്ഞു.അതിനിടെ, വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ബുധനാഴ്ച വനിതാ കമ്മീഷൻ അംഗങ്ങള്‍ ശ്യാമിലിയെ സന്ദർശിച്ച്‌ മൊഴി രേഖപ്പെടുത്തി. മന്ത്രി പി. രാജീവും ശ്യാമിലിയെ സന്ദർശിക്കാനെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക