രാത്രിയില്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്ന കാട്ടാന കൂട്ടവുമായുള്ള കൂട്ടിയിടി വിജയകരമായി തടഞ്ഞതിന് പിന്നാലെ 12424 രാജധാനി എക്സ്പ്രസിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം.നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ (എൻഎഫ്‌ആർ) സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചതോടെ വൈറലായി. വീഡിയോയില്‍ രാജധാനി എക്സ്പ്രസിന് തൊട്ട് മുന്നിലൂടെ കടന്ന് പോകുന്ന കാട്ടാന കൂട്ടത്തെ കാണാം. അതില്‍ മുതിർന്ന ആനകളോടൊപ്പം കുട്ടിയാനകളെയും കാണാം.
രാജധാനിക്ക് മുന്നിലെ കാട്ടാനക്കൂട്ടം
മൂന്ന് – നാല് കുട്ടിയാനകളും രണ്ട് മുതിർന്ന ആനകളും അടങ്ങുന്ന കൂട്ടം രാജധാനി എക്സ്പ്രിസന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത് കാണാം. വളരെ സാവധാനത്തിലാണ് കാട്ടാനക്കൂട്ടം റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത്. ജോർഹട്ട് ജില്ലയിലെ ടിറ്റബാറിനും മരിയാനിക്കും ഇടയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാട്ടാന കൂട്ടത്തെ കണ്ടതിന് പിന്നാലെ അടിയന്തര ബ്രേക്കുകള്‍ പ്രയോഗിച്ച് 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ കാട്ടാനകളുമായുള്ള കൂട്ടയിടി ഒഴിവാക്കി. രാത്രിയില്‍ ആനകള്‍ സുരക്ഷിതമായി പാളങ്ങള്‍ മുറിച്ചുകടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. റെയില്‍വേ ജാഗ്രതയും ആന ഇടനാഴികളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളും എടുത്തുകാണിക്കുന്ന ഈ സംഭവം ഓണ്‍ലൈനില്‍ വ്യാപകമായി പ്രശംസിക്കപ്പെട്ടു.
“ജാഗ്രതയുള്ള ലോക്കോ പൈലറ്റുമാർ കൂട്ടിയിടി ഒഴിവാക്കി, കാട്ടാനക്കൂട്ടത്തെ സംരക്ഷിക്കുക!” വീഡിയോ ഓണ്‍ലൈനില്‍ പങ്കുവെച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ പറഞ്ഞു. “അസാധാരണമായ ജാഗ്രത പ്രകടിപ്പിച്ചുകൊണ്ട്, 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റ് എസ്.എൻ. രാജുവും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആർ.കെ. സിംഗും കൃത്യസമയത്ത് അടിയന്തര ബ്രേക്ക് പ്രയോഗിച്ചു, ഇന്ന് പുലർച്ചെ ടിറ്റബാറിനും മരിയാനി സ്റ്റേഷനുകള്‍ക്കുമിടയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കി” വീഡിയോ പങ്കുവച്ച് കൊണ്ട് റെയില്‍വേ അതോറിറ്റി കൂട്ടിച്ചേർത്തു.
അഭിനന്ദിച്ച് നെറ്റിസെണ്‍സ്
നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് ക്രൂ അംഗങ്ങളുടെ ജാഗ്രതയ്ക്കും അനുകമ്പയ്ക്കും അഭിനന്ദനവുമായെത്തിയത്. വന്യജീവികളുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കുന്നതില്‍ ലോക്കോ പൈലറ്റുമാരെ നിരവധി ഉപയോക്താക്കള്‍ ഹീറോകളായി വിശേഷിപ്പിച്ചു, ഒപ്പം ഇന്ത്യൻ റെയിവേയെയും ചിലർ അഭിനന്ദിച്ചു. അതേസമയം ഏഷ്യൻ ആനകളുടെ എറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളത് അസമിലാണ്. വനത്തിലൂടെയുള്ള റെയില്‍വേ ലൈൻ മുറിച്ച് കടക്കുന്ന നിരവധി ആനത്താരളും ഈ പ്രദേശത്തുണ്ട്. ഇത് പലപ്പോഴും ട്രെയിനുകള്‍ക്കും കാട്ടാനകള്‍ക്കും വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ റെയില്‍വേയും വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പും നിരവധി സെൻസിറ്റീവ് മേഖലകളില്‍ ആവശ്യമായ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വേഗത നിയന്ത്രണങ്ങള്‍, മെച്ചപ്പെട്ട നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങള്‍, റെയില്‍വേ ജീവനക്കാരും വന്യജീവി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.





