അനധികൃത സ്വത്ത് സമ്ബാദന പരാതിയില്‍ വിജിലൻസ് ഡയറക്ടർ എ ഡി ജി പി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും.പരാതിയില്‍ അന്വേഷണം വേണ്ടെന്ന 2022 ഡിസംബറിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. മറ്റൊരു വ്യക്തി നല്‍കിയ ഹർജിയില്‍ മേല്‍ക്കോടതിയില്‍ റിവിഷൻ ഹർജി നല്‍കാനാകുമോ എന്നാണ് കോടതി പരിശോധിച്ചത്.
സുപ്രീം കോടതി വിധി അനുസരിച്ച് ഹർജിക്കാരൻ മാറിയാലും മേല്‍ക്കോടതി കേസ് പരിഗണിക്കണമെന്നായിരുന്നു എം ആർ അജയന്റെ വാദം. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തെ പി പി ചന്ദ്രശേഖരൻ നല്‍കിയ ഹർജിയില്‍ അന്വേഷണം വേണ്ടെന്നായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്.ഇത് ചോദ്യം ചെയ്താണ് മൂന്ന് വർഷത്തിന് ശേഷം മാധ്യമപ്രവർത്തകനായ എം ആർ അജയൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മൂന്ന് വർഷത്തെ കാലതാമസം എന്ത് കൊണ്ടെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിക്കണം. ഇതിന് ശേഷമാകും വിഷയത്തില്‍ കോടതി വാദം കേള്‍ക്കുക. 2015 മുതല്‍ കൊച്ചിയിലും, പത്തനംതിട്ടയിലും ജോലി ചെയ്ത സമയത്ത് മനോജ് എബ്രഹാം അനധികൃതമായി സ്വത്ത് സമ്ബാദിച്ചു എന്നാണ് പരാതി.











