വാലന്റൈൻസ് ദിനത്തില്‍ നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രണയിനികള്‍ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡല്‍ഹി ത്രിലോക്പുരി സ്വദേശി സുമിത് (32) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തിയെങ്കിലും, ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച്‌ യുവാവിന്റെ കുടുംബം രംഗത്തെത്തി.

നാട്ടുകാർ വെടിയൊച്ച കേട്ട് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തുമ്പോള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലുള്ള കാറിനുള്ളില്‍ രേഖയും സുമിത്തും മരിച്ച നിലയിലായിരുന്നു. സുമിത്തിന്റെ കയ്യില്‍ നിന്ന് പിസ്റ്റളും കാറില്‍ നിന്ന് തിരകളും കണ്ടെടുത്തു. മരിക്കുന്നതിന് മുൻപ് സുമിത് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ രേഖ തന്നെ വഞ്ചിച്ചതായി ആരോപിക്കുന്നു. 15 വർഷത്തെ പ്രണയത്തിന് ശേഷം രേഖ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സന്ദേശത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലേദിവസം മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. 15 വർഷമായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം ഇരു കുടുംബങ്ങള്‍ക്കും അറിയാമായിരുന്നു. പൊലീസിന്റെ ആത്മഹത്യാ നിഗമനത്തെ തള്ളി സുമിത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ജാതിയുടെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇവരെ പരിഹസിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് തങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വന്നിരുന്നുവെന്ന് സുമിത്തിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

രേഖയുടെ ഗ്രാമത്തിന് തൊട്ടടുത്ത് വെച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു. സംഭവത്തില്‍ ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കൊലപാതക ആരോപണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക