ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ തേനീച്ച ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാരും ഒരു സ്ത്രീയുമടക്കം ഏഴ് പേർക്ക് കുത്തേറ്റു.പേരൂർക്കട എസ്.എ.പി (SAP) ക്യാമ്പിന് സമീപമുള്ള ഓഫീസിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംഭവം നടന്നത്.
എഡിജിപി ഓഫീസിന് മുന്നില്‍ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനും ഓഫീസിന് മുന്നിലൂടെ നടന്നുപോയവർക്കുമാണ് പ്രധാനമായും കുത്തേറ്റത്. പെട്ടെന്ന് കൂടിളകി വന്ന തേനീച്ചകള്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
ഓഫീസ് കെട്ടിടത്തിന്റെ പുറംചുവരിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂടാണ് ഇളകിയത്. നേരത്തെയും ഇതേ സ്ഥലത്ത് വലിയ കൂടുണ്ടായിരുന്നു. അന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദഗ്ധരെ എത്തിച്ച് ഇത് നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം തേനീച്ചകള്‍ വീണ്ടും അതേ സ്ഥാനത്ത് കൂടുണ്ടാക്കുകയായിരുന്നു. ഇതിനെ തുടക്കത്തില്‍ ഗൗരവമായി കാണാതിരുന്നതാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അടിയന്തര നടപടിക്ക് നിർദേശം നല്‍കി. ഇന്ന് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്യും. ഇതിനായി വനമേഖലയില്‍ നിന്നുള്ള വിദഗ്ധരെ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയതായി എഡിജിപി വെങ്കിടേഷ് അറിയിച്ചു.
















