കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്.
നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ പിഴയടക്കാൻ കെഎസ്‌ഇബി ഉത്തരവിട്ടു. വിജിലൻസ് പരിശോധനയിലാണ് അനധികൃത താമസം പുറത്തറിഞ്ഞത്. 2017 ഡിസംബർ മുതല്‍ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് അനധികൃതമായി താമസിച്ചത്.
എട്ട് വര്‍ഷത്തോളം അനധികൃതമായി ഇവിടെ താമസിച്ചതിനാണ് 3.96 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. കെഎസ്‌ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 2016 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് എം.എം. മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം 2024 സെപ്റ്റംബര്‍ വരെ ഇവര്‍ ഇവിടെ തുടരുകയായിരുന്നു.

















