സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ വൻ അഴിച്ചുപണി. മുൻ ഇടത് സർക്കാരിന്റെ കടുത്ത പകപോക്കലിനിരയായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോകിനെയും എൻ പ്രശാന്തിനെയും പ്രമുഖ തസ്തികകളില്‍ നിയമിച്ചുകൊണ്ടാണ് പുതിയ ഭരണകൂടം തങ്ങളുടെ ശക്തമായ നയം വ്യക്തമാക്കിയിരിക്കുന്നത്. ഡോ. ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.
സോഷ്യല്‍ മീഡിയയില്‍ സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ വിമർശിച്ചതിനാണ് 1998 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബി അശോകിനെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇടത് സർക്കാർ സസ്പെൻഡ് ചെയ്തത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭരണകൂടത്തിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച അശോകിനെ ഒതുക്കാൻ നോക്കിയവർക്കുള്ള കനത്ത പ്രഹരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഈ തിരിച്ചുവരവ്. അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ‘ബ്രോ സ്വാമി’ എന്ന പേരില്‍ ജനപ്രിയനായ എൻ പ്രശാന്ത് ഐഎഎസിനെ, ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരിലായിരുന്നു കഴിഞ്ഞ നവംബറില്‍ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി നീട്ടി പരമാവധി പീഡിപ്പിക്കാൻ നോക്കിയ ഇടത് നയങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ പ്രശാന്തിന് കായിക വകുപ്പിനൊപ്പം യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യല്‍ സെക്രട്ടറിയെന്ന സുപ്രധാനമായ അധിക ചുമതല കൂടി നല്‍കിയിരിക്കുന്നത്.
മറ്റു പ്രധാന മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എംഡി സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതാണ്. അവരെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറായാണ് പുതിയ സർക്കാർ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും അവരെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുൻ കളക്ടർ കൂടിയായ ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് എംഡി. വിഴിഞ്ഞം തുറമുഖത്തിന്റെ സുഗമമായ മുന്നേറ്റത്തിന് വേഗത കൂട്ടാനാണ് ഈ മാറ്റമെന്നാണ് വിലയിരുത്തല്‍. കൂടാതെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു കേല്‍ക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.
മറ്റ് പ്രധാന നിയമനങ്ങളില്‍ എം ജി രാജമാണിക്യത്തെ കെഎസ്‌ഇബി (KSEB) ചെയർമാൻ ആൻഡ് എംഡിയായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതലയില്‍ അദ്ദേഹം തുടരുമെങ്കിലും റവന്യൂ സെക്രട്ടറി, സിവില്‍ സപ്ലൈസ് ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. വിവാദ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെ പരിസ്ഥിതി വകുപ്പ് ഡയറക്ടറായും നിയമിച്ചു. ടി വി അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ അവർക്ക് വിമാനത്താവളത്തിന്റെയും മെട്രോ റെയിലിന്റെയും അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. സ്നേഹില്‍ കുമാർ സിംഗാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. രാജ്യത്തെ ആദ്യ ഗോത്രവർഗ്ഗ ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ സുരേഷിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.
















