ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ലോണ്‍ എടുക്കുന്നതു മുതല്‍ സർക്കാർ സേവനങ്ങള്‍ വരെ എല്ലായിടത്തും ആധാർ അനിവാര്യമാണ്. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള പ്രധാന താക്കോലാണ് ആധാർ. അതുകൊണ്ടുതന്നെ നമ്മുടെ ആധാർ കാർഡോ അതിലെ വിവരങ്ങളോ മറ്റൊരാളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ സാമ്പത്തിക തട്ടിപ്പിനും ഐഡന്റിറ്റി മോഷണത്തിനും വരെ കാരണമായേക്കാം.
ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് ആധാറിനെ സംരക്ഷിക്കാൻ UIDAI ഒരു ലളിതമായ ഓണ്‍ലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി നിങ്ങളുടെ ആധാർ എപ്പോള്‍, എവിടെ, എങ്ങനെ ഉപയോഗിക്കപ്പെട്ടെന്ന് എളുപ്പത്തില്‍ പരിശോധിക്കാം. കൂടാതെ നിങ്ങളുടെ ആധാർ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും കണ്ടെത്താനാകും.
ചെയ്യേണ്ടത് ഇങ്ങനെ:
- നിങ്ങളുടെ മൊൈബലിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ മൈ ആധാർ പോർട്ടല്‍ തുറക്കുക.
- നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.
- തുടർന്ന് ലോഗിൻ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം “ഓതന്റിക്കേഷൻ ഹിസ്റ്ററി” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പരിശോധിക്കേണ്ട തീയതി തിരഞ്ഞെടുക്കുക. (6 മാസം വരെ പഴയ വിവരങ്ങള്‍ കാണാം)
- ശേഷം ഫില്‍ട്ടർ തിരഞ്ഞെടുക്കുക – ബയോമെട്രിക്, ഒടിപി, അല്ലെങ്കില്‍ രണ്ടും.
- അവസാനം സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
- ഇതിന് ശേഷം നിങ്ങളുടെ ആധാർ എപ്പോള്‍, എവിടെ, എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ മുഴുവൻ വിവരങ്ങളും കാണാൻ കഴിയും.
ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത, വീട്ടിലിരുന്ന് തന്നെ ഇതെല്ലാം പരിശോധിക്കാം എന്നതാണ്. കൂടാതെ നിങ്ങളുടെ ബയോമെട്രിക് ഡാറ്റ പൂർണമായും ലോക്ക് ചെയ്യാനുള്ള സൗകര്യവും UIDAI ഒരുക്കിയിട്ടുണ്ട്. മൈ ആധാർ, എം ആധാർ മൊബൈല്‍ ആപ്പിലൂടെയോ ഇത് എളുപ്പത്തില്‍ ചെയ്യാം. ഒരിക്കല്‍ ബയോമെട്രിക് ലോക്ക് ചെയ്താല്‍, നിങ്ങളുടെ അനുമതിയില്ലാതെ മറ്റാർക്കും അത് ഉപയോഗിക്കാൻ കഴിയില്ല. ഇതിലൂടെ ബയോമെട്രിക് അടിസ്ഥാനത്തിലുള്ള തട്ടിപ്പുകള്‍ ഒരു പരിധിവരെ തടയാം. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ UIDAIയുടെ ഹെല്‍പ്‌ലൈൻ നമ്പറായ 1947-ലേക്ക് വിളിക്കുക.







