കർണാടകയിലെ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി ഓട്ടോ ഡ്രൈവറെ പബ്ലിക്കായി അടിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ചെരിപ്പ് ഊരി ഓട്ടോഡ്രൈവറെ അടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ബെല്ലന്ദൂർ സെൻട്രോ മാളിന് അടുത്താണ് സംഭവം നടന്നത്.28 വയസ്സുള്ള പാങ്കുരി മിശ്ര എന്ന യുവതിയാണ് വീഡിയോയിലുണ്ടായിരുന്നത്. ബിഹാറില്‍ നിന്നുള്ള ഇവർ, 33 വയസ്സുള്ള ഓട്ടോഡ്രൈവർ ലോകേഷിനെ കാലില്‍ കിടന്നിരുന്ന തന്റെ ചെരിപ്പ് എടുത്ത് തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ചോദ്യങ്ങള്‍ക്കൊപ്പം ഇയാളെ നിർത്താതെ മുഖത്തും ശരീരത്തിലും അടിക്കുന്നതും വീഡിയോയിലുണ്ട്. ലോകേഷിന്റെ പ്രതികരണം വീഡിയോയില്‍ കാണപ്പെട്ടില്ലെങ്കിലും, സംഭവം വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ലോകേഷ് ആണ്.
വിവാദത്തിന്റെ പശ്ചാത്തലം: യുവതിയും ഭർത്താവും ടുവീലറില്‍ വരുമ്ബോള്‍ ഓട്ടോ അവർക്ക് നേരെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത് എന്നാണ് പറയുന്നത്. ലോകേഷ് പിന്നീട് യുവതിക്കെതിരെ കേസ് കൊടുത്തു. യുവതിയെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവതിക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.യുവതിയും ഭർത്താവും പിന്നീട് ലോകേഷിനോട് മാപ്പ് ചോദിക്കുകയും കാലില്‍ വീഴുകയും ചെയ്തു.
“ഞാൻ ഗർഭിണിയാണ്. ആ സമയത്ത് പെട്ടന്നുണ്ടായ പരിഭ്രമത്തില്‍ നിന്നാണ് അത്തരത്തില്‍ പെരുമാറിയത്. അങ്ങനെ ഒരിക്കലും പ്രതികരിക്കരുതായിരുന്നു. ബെംഗളൂരുവിനെയും ഇവിടെത്തെ ആളുകളെയും എനിക്ക് വളരെയധികം ഇഷ്ടമാണ്,” – എന്നാണ് യുവതി മാപ്പ് ചോദിക്കുന്ന വീഡിയോയില്‍ പറഞ്ഞത്.

















