കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്ബടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊലപ്പെടുത്തുന്നതിന് മുമ്ബും ശേഷവും ഇയാള്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.

പ്രദേശത്ത് കർഷകരക്ഷാ സേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതില്‍ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് കൂടെ ഉള്ളവരില്‍ നിന്ന് വ്യക്തമാകുന്നത്.

വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നില്‍ക്കുന്ന ചിത്രവും പ്രതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് ലഭിക്കുന്നവിവരം.

വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാല്‍ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

രാവിലെ 9:52ന് മറ്റൊരു പോസ്റ്റും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ‘ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും. നമ്മള്‍ അത് മനസിലാക്കാൻ വൈകി പോകും. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈവിട്ടു പോകും. നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിർത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തില്‍ ആർക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നില്‍ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’- എന്നായിരുന്നു പോസ്റ്റ്.

വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്നത്. നിലവില്‍ പ്രതി പരിയാരം പോലീസ് സ്റ്റേഷനിലാണ്. തോക്കിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പിടികൂടിയതിന് ശേഷം ‘എല്ലാം പറയാം’ എന്ന് പറഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക