ഓട്ടോ നിരത്തിലിറക്കാതെ മുംബൈയിലെ മുംബൈയിലെ ഓട്ടോ ഡ്രൈവർ പ്രതിമാസം സമ്ബാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെ. ഒരുതരത്തിലുള്ള ബിസിനസ് മുൻപരിചയവുമില്ലാത്ത ഡ്രൈവർ സ്വന്തം തലയില്‍ ഉദിച്ച ഒരാശയം വിജയകരമായി നടപ്പാക്കിയാണ് പണം സമ്ബാദിക്കുന്നത്. വലിയ രീതിയില്‍ പണം നേടുന്നതിനൊപ്പം യു.എസ് കോണ്‍സുലേറ്റിലേക്ക് എത്തുന്ന വിസ അപേക്ഷകരുടെ ഒരു പ്രശ്നത്തിന് കൂടി പരിഹാരം കാണുകയാണ് ഓട്ടോ ഡ്രൈവർ.
നൂറുക്കണക്കിനാളുകളാണ് മുംബൈയിലെ യു.എസ് കോണ്‍സുലേറ്റ് സന്ദർശിക്കുന്നത്. വിസ അഭിമുഖങ്ങള്‍ക്കായി എത്തുന്ന ഇവർക്ക് ബാഗുകള്‍ കോണ്‍സുലേറ്റിലേക്ക് കൊണ്ടു പോകാൻ അനുവാദമില്ല. പലപ്പോഴും വലിയ ബാഗുകളും വ്യക്തിഗത സാധനങ്ങളും സൂക്ഷിക്കാൻ ഇവർ ബുദ്ധിമുട്ടുകയാണ്. ഇവിടെയാണ് ഇത്തരക്കാർക്ക് രക്ഷകനായി മുംബൈയിലെ ഓട്ടോ ഡ്രൈവർ എത്തിയത്. കോണ്‍സുലേറ്റിന് മുന്നില്‍ബാഗ് സ്റ്റോർ ചെയ്യുന്നതിനുള്ള സംവിധാനത്തിനാണ് ഓട്ടോ ഡ്രൈവർ തുടക്കം കുറിച്ചത്. ബാഗ് സൂക്ഷിക്കുന്നതിന് 1000 രൂപയാണ് ചാർജ് ചെയ്യുന്നത്. 20 മുതല്‍ 30 ബാഗ് വരെയാണ് ഇത്തരത്തില്‍ സൂക്ഷിക്കുന്നത്. പ്രതിദിനം 20,000 രൂപ മുതല്‍ 30,000 രൂപ വരെ ഇയാള്‍ക്ക് വരുമാനമായി ലഭിക്കുന്നു.
പ്രതിമാസവരുമാനം എട്ട് ലക്ഷം രൂപ കടക്കും.ഓട്ടോയില്‍ ബാഗുകള്‍ സൂക്ഷിക്കുകയല്ല ഇയാള്‍ ചെയ്യുന്നത്. പകരം ബാഗുകള്‍ സുരക്ഷിതമായി ലോക്കറുകളിലേക്ക് ഇയാള്‍ എത്തിക്കുന്നു. ലോക്കല്‍ പൊലീസിന്റേയും മറ്റ് അധികൃതരുടേയും അനുമതിയോടെയാണ് ഇയാള്‍ ഇത് ചെയ്യുന്നത്. ലെൻസ്കാർട്ടിന്റെ പ്രൊഡക്‌ട് ലീഡർ രാഹുല്‍ രുപാനി ഓട്ടോ ഡ്രൈവറുടെ കഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഓട്ടോ ഡ്രൈവറും അയാളുടെ ബിസിനസ് ഐഡിയയും വൈറലായത്.

















