ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച്‌ പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

ഒരാള്‍ കറുത്ത വസ്ത്രം ധരിച്ച്‌ ടൂവീലറില്‍ വന്നിറങ്ങുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഈ സമയം അവിടേക്ക് ഒരു സ്ത്രീ നടന്നുവരുന്നത് കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ ആള്‍ യുവതിക്ക് മേല്‍ ചാടിവീണ് കയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച്‌ കഴുത്തറുക്കാൻ ശ്രമിച്ചു. എന്നാല്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച്‌ നിരവധി പേർ രംഗത്തെത്തി. “വീഡിയോ പകർത്തി നില്‍ക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളില്‍ അഭിമാനം കൊള്ളുന്നു” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരേസ്വരത്തില്‍ നാട്ടുകാരുടെ ധീരതയെ പ്രശംസിക്കുകയാണ്. ‘സമൂഹത്തെയും രാഷ്ട്രീയക്കാരെയും നന്നാക്കാൻ പൊതുജനം ഇതുപോലെ മുന്നിട്ടിറങ്ങണം’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ഒരാള്‍ ധൈര്യം കാണിച്ച്‌ മുന്നോട്ട് വന്നപ്പോള്‍ മറ്റുള്ളവർ ഒപ്പം ചേർന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും, ഇത്തരം കൂട്ടായ ഇടപെടലുകളാണ് നമുക്ക് ആവശ്യമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലം എന്തായാലും, ദൂരത്തുനിന്ന് വീഡിയോ പകർത്താതെ സഹായത്തിനായി ഓടിയെത്തിയ യുവാക്കള്‍ മാതൃകയാണെന്നും കമന്‍റുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക