വിദേശപഠനമെന്ന സ്വപ്നം ഉപേക്ഷിച്ച് കേരളത്തിലെ വിദ്യാർത്ഥികള്‍ പ്രതിസന്ധിയിലായി കേരളത്തിലെ വിദേശപഠന കണ്‍സള്‍ട്ടൻസികള്‍.കർശനമായ കുടിയേറ്റ നിയമങ്ങളും, വിദേശത്തെ ജോലിസാധ്യതകള്‍ ദുർബലമാവല്‍, വർദ്ധിച്ചു വരുന്ന ചിലവുകള്‍ എന്നിവയാണ് ഏറിയ പങ്ക് വിദ്യാർത്ഥികളുടേയും തീരുമാനത്തിന് പിന്നിലെ കാരണം.
ഇത് ബിസിനസിനെ കാര്യമായി തന്നെ ബാധിച്ചതായി വിദഗ്ധർ പറയുന്നു. വിദ്യാർത്ഥികളുടെ അഡ്മിഷൻ, വിസ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏജൻസികള്‍ മിക്കതും ഇതോടെ അടച്ചു പൂട്ടല്‍ ഭീഷണി നേരിടാൻ തുടങ്ങിയിട്ടുണ്ട്.
രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. നയപരമായ മാറ്റങ്ങള്‍ മാത്രമല്ല ആഗോള അസ്ഥിരതയും മാന്ദ്യത്തിന് കാരണമായെന്ന് കണ്‍സള്‍ട്ടൻസികള്‍ പറയുന്നു. യുദ്ധം വിദ്യാർത്ഥികളുടെ കുത്തൊഴുക്കിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാള്‍ ഏതാണ്ട് 20 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
വിദേശത്ത് പഠനം കഴിഞ്ഞാലുടൻ ജോലി ലഭിക്കാനുള്ള സാധ്യത കുറഞ്ഞതും, രൂപയുടെ മൂല്യത്തകർച്ച കാരണം പഠനച്ചെലവ് വർദ്ധിച്ചതും തിരിച്ചടിയായി. പ്രതിസന്ധി മറികടക്കാൻ കണ്‍സള്‍ട്ടൻസികള്‍ മറ്റ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. പല ഏജൻസികളും ഇപ്പോള്‍ മാൻപവർ റിക്രൂട്ട്‌മെന്റ്, ടൂറിസം എന്നീ മേഖലകളിലേക്ക് പ്രവർത്തനം മാറ്റുന്നു.
മികച്ച സർവ്വകലാശാലകള്‍ക്ക് പകരം വിദേശ രാജ്യങ്ങളിലേക്ക് കടക്കാനുള്ള എളുപ്പവഴിയായാണ് പലരും പഠനത്തെ കാണുന്നത്. ഇത് ഭാവിയില്‍ തൊഴില്‍ സാധ്യതകളെ ബാധിക്കും. പാർട്ട് ടൈം ജോലിയിലൂടെ ചെലവ് കണ്ടെത്താമെന്ന വ്യാജവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പോകുന്നവർ കടക്കെണിയിലാകുന്നു. വരും വർഷങ്ങളില്‍ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നത് കേരളത്തിലെ ബാങ്കിംഗ് മേഖലയെയും ബാധിച്ചേക്കാം.





