ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 11 ആശുപത്രി ജീവനക്കാര്‍ക്കും പൊള്ളലേറ്റു.

പുലര്‍ച്ചെ ഏകദേശം 2:30-ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഐസിയുവില്‍ ഉണ്ടായിരുന്ന 23 രോഗികളില്‍ 10 പേര്‍ മരണപ്പെട്ടു. ബാക്കിയുള്ളവരെ ഉടന്‍ തന്നെ പുതിയ മെഡിസിന്‍ ഐസിയുവിലേക്ക് മാറ്റി. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങള്‍ സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം ജീവന്‍ പണയപ്പെടുത്തി രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ച നേഴ്‌സുമാരും മറ്റ് ജീവനക്കാരും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.അപകടവിവരമറിഞ്ഞ ഉടന്‍ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, ആരോഗ്യ മന്ത്രി മുകേഷ് മഹാലിംഗ് എന്നിവര്‍ ആശുപത്രിയിലെത്തി. ധമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഫയര്‍ സര്‍വീസ് ഡിജിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പൊള്ളലേറ്റ ജീവനക്കാര്‍ക്കും പരിക്കേറ്റ രോഗികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ആശുപത്രിയിലെ അഗ്‌നിശമന സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കളും കോണ്‍ഗ്രസ് എംഎല്‍എ സോഫിയ ഫിര്‍ദൗസും ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക