പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘർഷങ്ങളുടെ അലയൊലികള്‍ ആഗോള ഊർജ്ജ വിപണിയെ മാത്രമല്ല, നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തില്‍ ഇന്ധനവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ അടച്ച റസ്റ്റോറന്റുകള്‍ ഇപ്പോഴും തുറന്നിട്ടില്ല. കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യത്തിലാണ്. നിലവില്‍ ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കളുടെ ആശങ്ക കാരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
പാചകവാതക വിലയിലെ വർധനവും വിതരണത്തിലെ ആശങ്കകളും ഇന്ത്യയിലൊട്ടാകെ പ്രകടമാണെങ്കിലും, നിത്യജീവിതത്തില്‍ എല്‍പിജിയെ അമിതമായി ആശ്രയിക്കുന്ന മലയാളി കുടുംബങ്ങളെയും ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഗാർഹിക ബജറ്റുകള്‍ താളംതെറ്റുന്ന ഈ സാഹചര്യത്തില്‍, പാചകവാതക ഉപയോഗം പരമാവധി കുറയ്ക്കാനും ഇന്ധനം ലാഭിക്കാനുമുള്ള പ്രായോഗിക മാർഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിക്കേണ്ടത് ഓരോരുത്തരുടെയും അനിവാര്യതയായി മാറിയിരിക്കുകയാണ്.
പാചകവാതക വില വർധിക്കുന്ന ഈ സാഹചര്യത്തില്‍, ഗാർഹിക ബജറ്റ് താളം തെറ്റാതിരിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക മാർഗ്ഗങ്ങളും മറ്റ് ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചും അറിയാം…
അടുക്കളയിലെ ചെറിയ മാറ്റങ്ങള്‍, വലിയ ലാഭം
എല്‍പിജി ക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് ഗ്യാസ് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ്.
പ്രഷർ കുക്കറുകള്‍ പരമാവധി ഉപയോഗിക്കുക
പ്രഷർ കുക്കറുകള്‍ പാചക സമയം ഗണ്യമായി കുറയ്ക്കുന്നു, പലപ്പോഴും ഗ്യാസ് ഉപയോഗം 30-50 ശതമാനത്തോളം കുറയ്ക്കുന്നു. അരി, പയർ, ബീൻസ്, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രഷര്‍ കുക്കറില്‍ വളരെ വേഗത്തില്‍ വേവിക്കാനാകും.
കുതിർത്ത ശേഷം പാചകം ചെയ്യുക
കടല, പരിപ്പ്, വൻപയർ തുടങ്ങിയവ വേവിക്കുന്നതിന് മുമ്പ് കുറഞ്ഞത് 2-3 മണിക്കൂർ വെള്ളത്തില്‍ കുതിർത്ത് വെക്കുന്നത് പെട്ടന്ന് വെന്തു കിട്ടാനും ഗ്യാസ് ലാഭിക്കാനും സഹായിക്കും.
അടച്ചുവെച്ച് പാചകം ചെയ്യുക
പാത്രങ്ങള്‍ മൂടിവയ്ക്കുന്നത് ചൂട് പിടിച്ചുനിർത്തുകയും പാചകം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് സമയവും ഇന്ധനവും ലാഭിക്കുന്നു.തുറന്ന പാത്രത്തില്‍ പാചകം ചെയ്യുമ്പോള്‍ ചൂട് വേഗത്തില്‍ പുറത്തേക്ക് പോകും. അതിനാല്‍ എപ്പോഴും പാത്രങ്ങള്‍ അടച്ചുവെച്ച് പാചകം ചെയ്യുക.
എല്ലാം ഒരുക്കിവെച്ച ശേഷം പാചകം
ഗ്യാസ് അടുപ്പില്‍ പാത്രം വെച്ച് ചൂടാക്കിയ ശേഷം പച്ചക്കറികള്‍ അരിയാന്‍ പോകുന്നതും പൊടികള്‍ എടുക്കാന്‍ പോകുന്നതുമെല്ലാം ഇന്ധനം പാഴാക്കാന്‍ ഇടയാക്കും. അതുകൊണ്ട് പച്ചക്കറികള്‍ അരിയുന്നതും മറ്റ് ചേരുവകള്‍ എടുക്കുന്നതും ഗ്യാസ് ഓണ്‍ ചെയ്യുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കുക.
ചെറിയ തീയിലെ പാചകം
വെള്ളമോ കറിയോ തിളച്ചു കഴിഞ്ഞാല്‍ പിന്നീട് തീ കുറച്ച് വെച്ച് (സിമ്മില്‍) പാചകം ചെയ്യുക. തിളച്ചതിന്ശേഷം ഉയര്‍ന്ന തീ ഉപയോഗിക്കുന്നത് ഇന്ധനം പാഴാക്കാൻ മാത്രമേ ഉപകരിക്കൂ.
ബർണറുകള്‍ വൃത്തിയാക്കുക
ഗ്യാസ് അടുപ്പിലെ ദ്വാരങ്ങളില്‍ അഴുക്ക് അടഞ്ഞിരിക്കുന്നത് ഇന്ധനം പൂർണ്ണമായി കത്താതിരിക്കാൻ കാരണമാകും. ഗ്യാസ് കത്തിക്കുന്ന സമയത്ത് നീല നിറത്തിലുള്ള തീ ജ്വാലയാണ് വരുന്നത് എന്ന് ഉറപ്പ് വരുത്തുക. മഞ്ഞയോ ഓറഞ്ചോ നിറമുള്ള തീ ജ്വാലയാണ് വരുന്നതെങ്കില്‍ ബർണറുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്..
പാത്രങ്ങളുടെ വലിപ്പവും പ്രധാനം
ചെറിയ ബർണറില്‍ വലിയ പാത്രം വെക്കുന്നതും, വലിയ ബർണറില്‍ ചെറിയ പാത്രം വെക്കുന്നതും ഇന്ധന നഷ്ടത്തിന് കാരണമാകും.
എല്‍പിജിക്ക് പകരമായി ഉപയോഗിക്കാവുന്ന മറ്റ് മാർഗ്ഗങ്ങള്‍
ഇൻഡക്ഷൻ കുക്കറുകള്‍
കറൻ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകള്‍ വെള്ളം ചൂടാക്കാനും പാല്‍ തിളപ്പിക്കാനും മറ്റും ഉപയോഗിക്കുന്നത് എല്‍പിജിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കും. സോളാർ പാനലുകള്‍ ഉള്ള വീടുകളാണെങ്കില്‍ ഇത് തികച്ചും സൗജന്യമായ പാചകരീതിയായി മാറും.
ബയോഗ്യാസ് പ്ലാന്റുകള്‍
കേരളത്തിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. അടുക്കളയിലെയും പറമ്പിലെയും ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ പാചകവാതകം ഉല്‍പ്പാദിപ്പിക്കാം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും അനെർട്ട് (ANERT) വഴിയും സർക്കാർ സബ്സിഡികളും ലഭ്യമാണ്.
പുകയില്ലാത്ത വിറകടുപ്പുകള്‍
ഗ്രാമപ്രദേശങ്ങളിലും പറമ്പുള്ള വീടുകളിലും വിറക്, തൊണ്ട്, ചിരട്ട എന്നിവ ലഭ്യമാണെങ്കില്‍ പുകയില്ലാത്ത ആധുനിക അടുപ്പുകള്‍ ഉപയോഗിക്കാം. ഇത് അടുക്കളയില്‍ പുക നിറയുന്നത് ഒഴിവാക്കുകയും എല്‍പിജിയുടെ ഉപയോഗം പകുതിയായി കുറയ്ക്കുകയും ചെയ്യും.
ഇലക്‌ട്രിക് റൈസ് കുക്കറുകള്‍ / എയർ ഫ്രയറുകള്‍
ചോറ് വെക്കാൻ റൈസ് കുക്കറുകളും, എണ്ണ ഉപയോഗിച്ച് വറുക്കാനും പൊരിക്കാനും എടുക്കുന്ന ഗ്യാസ് ഒഴിവാക്കാൻ എയർ ഫ്രയറുകളും മൈക്രോവേവ് ഓവനുകളും ഉപയോഗിക്കാവുന്നതാണ്.
ശരിയായ ആസൂത്രണം പ്രധാനം
പലരും സിലിണ്ടര്‍ പൂര്‍ണമായും കാലിയാകുന്നത് വരെ കാത്തിരിക്കും,എന്നിട്ടായിരിക്കും ബുക്ക് ചെയ്യുക. ഇതിന് പകരം സിലിണ്ടര്‍ ഉപയോഗം പകുതിയാകുന്ന സമയത്ത് തന്നെ ബുക്ക് ചെയ്യുകയാണെങ്കില്‍ അവസാന നിമിഷത്തെ ക്ഷാമം ഒഴിവാക്കാനായി സാധിക്കും.
പറ്റുമെങ്കില്‍ ഇരട്ട സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്നത് നല്ലതാണ്. ഒരു സിലിണ്ടര്‍ തീര്‍ന്നാലും ബുദ്ധിമുട്ടില്ലാതെ അടുത്ത സിലിണ്ടര്‍ ഉപയോഗിക്കാന്‍ ഇത് സഹായിക്കും.
കൂടാതെ ഒരു സിലിണ്ടർ ഏകദേശം എത്രദിവസം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്ന് കൃത്യമായി ട്രാക്ക് ചെയ്യുക. ഇതറിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ പൂര്‍ണമായും കഴിയുന്നതിന് മുന്‍പ് തന്നെ അടുത്തത് ബുക്ക് ചെയ്യാനായി സഹായിക്കും.

















