കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ വശ്യസുന്ദരമായ കണ്ണുകളുള്ള ഉത്തരേന്ത്യക്കാരി വളരെ പെട്ടെന്നാണ് ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നത്.ഒരു ബോളിവുഡ് നടിയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ള മോണാലിസ ഭോസ്ലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ഉദ്ഘാടനച്ചടങ്ങിനായി കേരളത്തിലെത്തി വലിയ തരംഗം സൃഷ്ടിച്ചതും ആരും മറക്കാനിടയില്ല. അന്ന് സിനിമയിലും മോഡലിങ്ങിലും ഉള്‍പ്പെടെ മോണാലിസയ്ക്ക് വലിയ ഭാവിയുണ്ടെന്ന് പലരും പ്രവചിക്കുകയും ചെയ്തു.

എന്നാല്‍ ഒരു സിനിമാക്കഥ പോലെയുള്ള ട്വിസ്റ്റിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഫര്‍മാന്‍ ഖാന്‍ എന്ന മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്ന മൊണാലിസ മാതാപിതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിട്ടിരുന്നത്. ‘നാഗമ്മ’ എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ മോണാലിസ തന്റെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചു. വിവാഹത്തിന് മുന്നോടിയായി വലിയ നാടകീയ സംഭവങ്ങളാണ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകളുടെ പ്രണയ ബന്ധത്തെ ശക്തമായി എതിര്‍ത്ത പിതാവ് ജയ് സിങ് ഭോസ്ലെ മോണാലിസയെ ബലം പ്രയോഗിച്ച്‌ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും ഫര്‍മാനെ വിവാഹം കഴിക്കാനാണ് താല്‍പര്യമെന്നും മോണാലിസ ഉറപ്പിച്ചു പറഞ്ഞതോടെ പൊലീസ് അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കി. മകളുടെ തീരുമാനത്തിന് മുന്നില്‍ പിതാവിന് ഒടുവില്‍ പിന്‍വാങ്ങേണ്ടി വന്നു.

തുടര്‍ന്ന് പൊലീസിന്റെയും സിപിഎം പാര്‍ട്ടി നേതാക്കളുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ വലിയ ആഘോഷമായി വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. മോണാലിസ ചുവന്ന സാരിയില്‍ സിന്ദൂരമണിഞ്ഞ് സുന്ദരിയായപ്പോള്‍, വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌ കേരളീയ വേഷത്തിലായിരുന്നു ഫര്‍മാന്‍ ഖാന്‍ എത്തിയത്.

തിരുവനന്തപുരത്തെ പൂവാറിനടുത്തുള്ള അരുമാനൂര്‍ ശ്രീ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഫര്‍മാന്‍ ഖാന്‍ മോണാലിസയ്ക്ക് താലി ചാര്‍ത്തിയത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും പൊലീസ് സംരക്ഷണയിലുമായിരുന്നു ഈ പ്രണയസാഫല്യം. രണ്ടു പേരും ഇതര സംസ്ഥാനക്കാരാണെങ്കിലും കേരളം സ്വന്തം മക്കളെ പോലെ അവരെ സ്വീകരിച്ചു. എന്നാല്‍ ഈ വിവാഹത്തിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണത്തിനാണ് ഫര്‍മാന്‍ ഖാനും മോണാലിസയും ഇരയായത്. ചിലര്‍ ഈ വിവാഹത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മൊണാലിസയ്ക്ക് കുറഞ്ഞ വിവാഹ പ്രായമായ 18 വയസ് തികഞ്ഞിട്ടില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. തനിക്ക് 18 വയസ് തികഞ്ഞതായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മോണാലിസയ്ക്ക് പറയേണ്ടി വന്നു.

ആരാണ് ഫര്‍മാന്‍ ഖാന്‍?

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ കേരളത്തിന് മുഴുവന്‍ പരിചിതമാണെങ്കിലും വരനായ ഫര്‍മാന്‍ ഖാന്‍ ആരാണെന്ന് ഇന്റര്‍നെറ്റില്‍ പലരും തിരഞ്ഞു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നിന്നുള്ള ഫര്‍മാന്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നടനും മോഡലുമാണ്.

വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോണാലിസ, തങ്ങള്‍ ആറ് മാസമായി ഡേറ്റിംഗിലായിരുന്നുവെന്ന് വെളിപ്പെടുത്തി. ആദ്യം സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധപ്പെട്ടത്. പി ബിനു വര്‍ഗീസ് സംവിധാനം ചെയ്ത നാഗമ്മ എന്ന മലയാള സിനിമയുടെ പൂജാ ചടങ്ങിനിടെയാണ് ഇവര്‍ കണ്ടുമുട്ടിയത്. ചിത്രത്തില്‍ ഫര്‍മാന്‍ ഖാനാണ് വില്ലന്‍ വേഷം ചെയ്യുന്നത്. മോണാലിസ ഭോസ്ലെയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനായി. കേരളത്തിലെത്തിയപ്പോഴാണ് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചത്.

അഭിനയം, മോഡലിങ്, സോഷ്യല്‍ മീഡിയ പ്രൊമോഷനുകള്‍ എന്നിവയിലൂടെയാണ് ഫര്‍മാന്‍ ഖാന്‍ വരുമാനം കണ്ടെത്തുന്നത്. ഇന്‍സ്റ്റാഗ്രാം കൊളാബറേഷനുകളിലൂടെ മാത്രം പ്രതിമാസം 2,300 മുതല്‍ 3,200 ഡോളര്‍ വരെ അദ്ദേഹം സമ്പാദിക്കുന്നുണ്ടാകാം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 1.9 ലക്ഷം മുതല്‍ 2.6 ലക്ഷം രൂപ വരെ വരും. ഇതനുസരിച്ച്‌ വര്‍ഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രം ഏകദേശം 23 ലക്ഷം മുതല്‍ 32 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. മോണാലിസയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 93.9 ലക്ഷം ഫോളോവേഴ്സുണ്ട്.

നാഗമ്മ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മോണാലിസയും ഫര്‍മാനും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മതത്തിന് തങ്ങളുടെ ബന്ധത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് വിവാഹശേഷം മോണാലിസ മാധ്യമങ്ങളോട് പറഞ്ഞു. ‘ലൗ ജിഹാദ്’ ആരോപണങ്ങളെ ഇരുവരും തള്ളിക്കളഞ്ഞു. കേരളത്തിലെ സമാധാനപരമായ അന്തരീക്ഷവും ജനങ്ങളുടെ സ്‌നേഹവുമാണ് വിവാഹവേദിയായി ഈ നാടിനെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും നവദമ്പതികള്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് മോണാലിസ ആഗ്രഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക