അസാധാരണമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചു. ഒരു അമ്മ തന്‍റെ കൈകുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പെയ്സില്‍ കിടത്തി സീറ്റ് അടച്ച് വണ്ടി ഓടിച്ച് പോകുന്നതായിരുന്നു വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്.വീഡിയോ വൈറലായതിന് പിന്നാലെ പുതിയ കാലത്തെ അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സമീപനത്തെ കുറിച്ച് വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളില്‍ രൂപപ്പെട്ടു.
അമ്പരപ്പിച്ച വീഡിയോ
സ്കൂട്ടി പോലുള്ള വാഹനങ്ങളുടെ സ്റ്റോറേജ് സ്പെയിസായി ഉപയോഗിക്കുന്നത് സാധാരണയായി വാഹനത്തിന്‍റെ സീറ്റിന് അടിയിലെ ഭാഗമാണ്. സ്ഥലപരിമിതി കൃത്യമായി ഉപയോഗിച്ച് മുന്നിലും പിന്നിലുമുള്ള സീറ്റ് ഒരുമിച്ചാക്കി അതിന് അടിയിലെ ഭാഗത്തായി സ്റ്റോറേജ് സ്പെയിസ് ഒരുക്കിയിരിക്കുന്നു. വാഹനം ഏറെ ദൂരം സഞ്ചരിച്ചാല്‍ ഈ ഭാഗത്ത് ചെറിയ ചൂട് അനുഭപ്പെടും. ഇത് വാഹനത്തിന്‍റെ എഞ്ചിനുമായി ഏറെ അടുത്തായിനാലാണ്. സാധാരണയായി ഹെല്‍മറ്റുകള്‍, ചെറിയ വീട്ടു സാധനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ സാധാനങ്ങളാണ് ഈ സ്റ്റോറേജ് സ്പെയിസില്‍ ആളുകള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ കൈക്കുഞ്ഞിനെ സ്കൂട്ടറിന്‍റെ സീറ്റിന് അടിയില്‍ വയ്ക്കുകയും പിന്നാലെ സ്കൂട്ടറുമായി പോകുന്നതും വൈറല്‍ വീഡിയോയില്‍ കാണാം. വീഡിയോ നിരവധി സമൂഹ മാധ്യമ ഹാന്‍റിലുകളാണ് വീണ്ടും വീണ്ടും പങ്കുവച്ചത്.

















