സ്റ്റാർലിങ്കിന്‍റെ പുതിയ ‘ഡയറക്‌ട് ടു സെല്‍’ ഉപഗ്രഹ ശൃംഖല വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫോണില്‍ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി കണക്‌ട് ചെയ്യാം.വോയിസ് കോള്‍, എസ്‌എംഎസ്, ഡാറ്റാ സേവനങ്ങള്‍ എന്നിവയെല്ലാം ടവറുകളുടെ സഹായമില്ലാതെ ഇതിലൂടെ സാധ്യമാകും.
ഇലോണ്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ്‌എക്‌സിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. 2027-ല്‍ ‘ഡയറക്‌ട്-ടു-സെല്‍’ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (MWC) 2026-ല്‍ വെച്ച് സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്പേസ്എക്സിന്‍റെ മെഗാ റോക്കറ്റായ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ലോ എർത്ത് ഓർബിറ്റില്‍ (LEO) ആയിരിക്കും ഡയറക്‌ട്-ടു-സെല്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കുക. 2024-ലാണ് ഡയറക്‌ട്-ടു-സെല്‍ സേവനം ആദ്യമായി സ്പേസ്‌എക്‌സ് പ്രഖ്യാപിച്ചത്. ഇതിന് ശേഷം സ്പേസ്‌എക്‌സ് ഈ പദ്ധതിയുടെ ഗവേഷണങ്ങളിലായിരുന്നു.
2027-ന്‍റെ പകുതിയോടെ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ഈ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു തുടങ്ങുമെന്ന് സ്പേസ്‌എക്സിന്‍റെ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് മൈക്കിള്‍ നിക്കോള്‍സ് പറഞ്ഞു. ഇത് വഴി വളരെ വേഗത്തില്‍ സാറ്റലൈറ്റ് ശൃംഖല സ്ഥാപിക്കാൻ കഴിയുമെന്നും അദേഹം കൂട്ടിച്ചേർത്തു. തുടക്കത്തില്‍ 1,200 ഉപഗ്രഹങ്ങളായിരിക്കും ഈ ശൃംഖലയില്‍ ഉണ്ടാവുക.
സാറ്റലൈറ്റുമായി കണക്‌ട് ചെയ്യുമ്പോള്‍ സാധാരണ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോലെ തന്നെ മികച്ച കണക്റ്റിവിറ്റി സൗകര്യം നല്‍കുകയാണ് സ്റ്റാർലിങ്ക് മൊബൈലിന്‍റെ ലക്ഷ്യമെന്ന് നിക്കോള്‍സ് പറയുന്നു. സ്റ്റാർലിങ്കിന് നിലവില്‍ 9000-ത്തിലേറെ ഉപഗ്രഹങ്ങളുണ്ട്. ഇതില്‍ ഏകദേശം 600 എണ്ണത്തില്‍ ഡയറക്‌ട്-ടു-സെല്‍ സാങ്കേതികവിദ്യയുണ്ട്.
ഈ പുതിയ സാങ്കേതികവിദ്യയിലൂടെ, ഉപയോക്താക്കള്‍ക്ക് വോയിസ് കോള്‍, എസ്‌എംഎസ്, ഡാറ്റാ സേവനങ്ങള്‍ക്കായി ഫോണില്‍ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.





