ഇറാൻ-ഇസ്രായേല്‍ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.

ബുധനാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപം നടുക്കുന്ന സംഭവം അരങ്ങേറിയത്. കപ്പലില്‍ നിന്ന് അപായ സന്ദേശം (Distress Call) ലഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ നാവികസേനയും പ്രതിരോധ മന്ത്രാലയവും വൻതോതിലുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ലങ്കൻ പാർലമെന്റില്‍ ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തെത്തുടർന്ന് കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് ഇതുവരെ 32 പേരെ ശ്രീലങ്കൻ നാവികസേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്കായി നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും തിരച്ചില്‍ തുടരുകയാണ്. ആക്രമണം നടത്തിയത് ഏത് രാജ്യത്തിന്റെ അന്തർവാഹിനിയാണെന്നോ, കപ്പലിന്റെ കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്താൻ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, ഇറാന്റെ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ലക്ഷ്യം വെച്ച്‌ ഇസ്രായേലും അമേരിക്കയും ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍, ഈ നീക്കത്തിന് പിന്നിലും സയണിസ്റ്റ് ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ഇറാന്റെ ചരക്കുനീക്കം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംഭവം അതീവ ഗൗരവത്തോടെയാണ് ശ്രീലങ്ക കാണുന്നത്. തങ്ങളുടെ സമുദ്രപരിധിക്ക് തൊട്ടടുത്ത് നടന്ന ആക്രമണത്തില്‍ കൃത്യമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തെ തകർത്ത അമേരിക്കൻ-ഇസ്രായേല്‍ സഖ്യം ഇനി ഇറാന്റെ ആഗോള വ്യാപാര ശൃംഖലയെ കടലില്‍ തകർക്കാനുള്ള പുറപ്പാടിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് മേഖലയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ശ്രീലങ്കൻ തീരത്ത് വരെ യുദ്ധം എത്തിയത് മേഖലയിലെ മറ്റ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നാലുടൻ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക